ആഗോളതലത്തിൽ നേരിടുന്നത് ബില്യണുകളുടെ നഷ്ടം; ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നെന്ന് ആമസോൺ

ബംഗളൂരു: കോവിഡിന്റെ പശ്ചാത്തലത്തിലെ ലോകമെമ്പാടുമുള്ള ലോക്ക് ഡൗൺ കാരണം ആഗോളതലത്തിൽ തന്നെ വലിയ തിരിച്ചടി നേരിടുകയാണെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നു തന്നെ ആണെന്നും കമ്പനി വ്യക്തമാക്കി. ലോക്ക്ഡൗൺമൂലം രാജ്യത്തൊട്ടാകെ ഇകൊമേഴ്‌സ് കമ്പനികൾ സ്മാർട്ട്‌ഫോൺ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വിൽപന നിർത്താൻ നിർബന്ധിതരായിരുന്നു. ഈകാലയളവിൽ അവശ്യവസ്തുക്കളും പലചരക്കു സാധാനങ്ങളുമാണ് വിൽക്കാൻ അനുമതി ലഭിച്ചത് ഇതോടെയാണ് വലിയ നഷ്ടത്തിലേക്ക് കമ്പനികൾ നീങ്ങിയത്.

ലോകവ്യാപകമായുള്ള വ്യാപാരത്തിൽ ഇന്ത്യയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ബ്രിയാൻ ടി ഒൽസാവസ്‌കി വെളിപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചത്.

ഞായറാഴ്ച അവസാനിക്കുന്ന 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണിൽ ഫ്‌ളിപ്പ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇകൊമേഴ്‌സ് സ്ഥാപനങ്ങൾക്കെല്ലാം അവശ്യവസ്തുക്കൾ വിൽക്കാൻമാത്രമെ അനുമതി നൽകിയിരുന്നുള്ളൂ. അതിനിടയിൽ വിലക്ക് നീക്കിയെങ്കിലും സമ്മർദത്തെതുടർന്ന് പിൻവലിക്കുകയായിരുന്നു.

ആഗോള വ്യാപകമായി കമ്പനിയുടെ ലാഭത്തിൽ 29ശതമാനം ഇടിവുണ്ടായി. കലണ്ടർവർഷത്തെ ആദ്യപാദത്തിൽ 2.54 ബില്യൺ ഡോളറാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞവർഷം ഇതേപാദത്തിൽ 3.56 ബില്യൺ ഡോളറായിരുന്നു വരുമാനം.

Exit mobile version