‘ഗല്ലിബോയി’യെ തകര്‍ത്ത് ‘കേസരി’; റീലീസ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

'കേസരി'യില്‍ നായകനായി എത്തിയത് അക്ഷയ് കുമാറാണ്.

ബോളിവുഡ് ചിത്രം ‘ഗല്ലിബോയി’യെ തകര്‍ത്ത് റിലീസ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി ‘കേസരി’. റിലീസ് ദിനത്തില്‍ 21.50 കോടി രൂപ നേടി ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ അങ്ങനെ കേസരി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ‘കേസരി’യില്‍ നായകനായി എത്തിയത് അക്ഷയ് കുമാറാണ്.

രണ്‍വീര്‍ സിങിന്റെ ‘ഗല്ലിബോയി’യുടെ റെക്കോര്‍ഡ് ആണ് ‘കേസരി’ തകര്‍ത്തിരിക്കുന്നത്. 19.40 കോടിയാണ് റിലീസ് ദിനത്തില്‍ ഗല്ലിബോയ് കരസ്ഥമാക്കിയത്. അനുരാഗ് സിംഗ് ആണ് കേസരിയുടെ സംവിധായകന്‍.
‘ഗോള്‍ഡ്’ എന്ന ചിത്രത്തിന് ശേഷം അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗുജറാത്ത് മേഖലയിലാണ് ചിത്രത്തിന് ഏറ്റവും മികച്ച കളക്ഷന്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘കേസരി’. പഞ്ചാബില്‍ സിക്കുകാര്‍ പതിനായിരം അഫ്ഗാന്‍ പട്ടാളക്കാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ കഥയെ ആസ്പദമാക്കിയാണ് കേസരി ഒരുക്കിയിരിക്കുന്നത്. ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിനീതി ചോപ്രയാണ് ചിത്രത്തിലെ നായിക. കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം മാര്‍ച്ച് 21നാണ് തീയ്യേറ്ററിലെത്തിയത്.

Exit mobile version