‘ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ല’; ശത്രുഘ്നന്‍ സിന്‍ഹയോട് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍

ഇതിനിടയിലാണ് പ്രിയയെ പിന്തുണച്ച് ബോളിവുഡ് നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. പാട്ട് ഹിറ്റായത് മുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ തീയ്യേറ്ററിലെത്തിയ ചിത്രം വേണ്ടത്ര വിജയിച്ചില്ല.

‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കള്‍ ഹിറ്റായത് മുതല്‍ പ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറില്‍ ഷെറിഫും പ്രിയക്കെതിരെ ഒരു ചാറ്റ് ഷോയില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണവേളയിലും പിന്നീട് നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ഇരുവരും ഷോയില്‍ സംസാരിച്ചത്.

എന്നാല്‍ വിവാദങ്ങള്‍ പ്രിയയെ വിടാതെ പിന്തുടരുകയാണ്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിനെതിരേയും വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഇതിനിടയിലാണ് പ്രിയയെ പിന്തുണച്ച് ബോളിവുഡ് നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പ്രിയ ഭാവിയില്‍ സൂപ്പര്‍താരമാകുമെന്നും വളരെ പെട്ടന്ന് തന്നെ ആ നേട്ടത്തിലേക്ക് പ്രിയ എത്തുമെന്നും അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ എന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്. ഇതിന് നന്ദി പറഞ്ഞ് പ്രിയ വാര്യരും രംഗത്തെത്തി. ‘ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്നും താങ്കളെ പോലൊരു ആദരണീയനായ വ്യക്തിയില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷവതിയാണെന്നുമാണ്’ പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Exit mobile version