സ്ത്രീ വേഷം ധരിച്ചത്തി മോണലീസയ്ക്ക് നേരെ കേക്കെറിഞ്ഞു : സന്ദര്‍ശകന്‍ പിടിയില്‍

പാരിസ് : ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മോണലീസ. 1503നും 1519നുമിടയിലെപ്പോഴോ ഡാവിഞ്ചി പൂര്‍ത്തിയാക്കിയതെന്ന് കരുതുന്ന ചിത്രം നിലവില്‍ പാരിസിലെ ലൂവ്ര് മ്യൂസിയത്തിലാണുള്ളത്.

ഞായറാഴ്ച മ്യൂസിയത്തില്‍ ഒരാള്‍ മൊണാലിസയെ സന്ദര്‍ശിക്കാനെത്തി. ചക്രക്കസേരയില്‍ ഉരുണ്ട് നീങ്ങുന്ന പാവം ഒരു സ്ത്രീ. ചിത്രത്തിനടുത്തെത്തിയതോടെ അവരുടെ രൂപം അടിമുടി മാറി. ചക്രക്കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റ് അവര്‍ ചിത്രത്തിനടുത്തേക്ക് കുതിച്ചു. കസേരയില്‍ നിന്നെഴുന്നേറ്റപ്പൊഴാണ് അവരുടെ യഥാര്‍ഥ രൂപ ആളുകള്‍ ശ്രദ്ധിക്കുന്നത്. തലയില്‍ വിഗ്ഗ് വെച്ച് സ്ത്രീ വേഷം കെട്ടി വന്ന ഒരു പുരുഷനായിരുന്നു അത്.

മോണലീസ സൂക്ഷിച്ചിരിക്കുന്ന ചില്ല്കൂട് തകര്‍ക്കാനാണ് അയാള്‍ ആദ്യം ശ്രമിച്ചത്. ഇതില്‍ പരാജയപ്പെട്ടതോടെ കയ്യിലിരുന്ന കേക്ക് വലിച്ചെറിഞ്ഞ് അതിലെ ക്രീമെല്ലാം ചില്ലിന് മേല്‍ വാരിത്തേച്ചു. നിലത്ത് കുറേ റോസാപ്പൂക്കളും വാരി വിതറി.

മറ്റ് സന്ദര്‍ശകരെ അമ്പരപ്പിച്ച പ്രവൃത്തിയില്‍ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയി. പരിസ്ഥിതി ആക്ടിവിസത്തിന്റെ പേരില്‍ ശ്രദ്ധ പിടിച്ചു പറ്റാനായി ചെയ്തതാണ് മോണലീസയുടെ നേര്‍ക്കുള്ള അതിക്രമമെന്നാണ് മ്യൂസിയം അധികൃതര്‍ കരുതുന്നത്.

Also read : ഒരേ സമയം പറന്നുയര്‍ന്ന് രണ്ട് വിമാനങ്ങള്‍ : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, എടിസിഒയ്ക്ക് സസ്‌പെന്‍ഷന്‍

ഇതാദ്യമായല്ല മോണലീസയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2009ല്‍ ഫ്രഞ്ച് പൗരത്വം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഒരു റഷ്യന്‍ യുവതി ചിത്രത്തിന് നേരെ സെറാമിക് കപ്പ് എറിഞ്ഞിരുന്നു. പക്ഷേ അന്നും ബുള്ളറ്റ് പ്രൂഫ് ചില്ലിനുള്ളിലാണ് ചിത്രമുണ്ടായിരുന്നത് എന്നതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല. 1956ലെ ആസിഡ് ആക്രമണത്തിന് ശേഷമാണ് മോണലീസയെ ചില്ല്കൂട്ടില്‍ സൂക്ഷിക്കുന്നത്.

Exit mobile version