ശ്രീലങ്കയില്‍ ഇനിയും ഭീകരാക്രമണത്തിന് സാധ്യത; റംസാനു മുന്‍പ് ആക്രമണം നടത്തിയേക്കും

റംസാന്‍ മാസാരംഭത്തിനു മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്

കൊളംബോ; ശ്രീലങ്കയില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. റംസാന്‍ മാസാരംഭത്തിനു മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്. മേയ് 6നാണ് ഇവിടെ റംസാന്‍ ആരംഭിക്കുന്നത്. കൊളംബോയിലേക്കു സ്‌ഫോടകവസ്തുക്കളുമായി കണ്ടെയ്‌നര്‍ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ സുങ്കവിളയില്‍ വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പോലീസ്
പിടികൂടി. 106 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നു സൂചനയുണ്ട്.

ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയില്‍ ചാവേറാക്രമണം നടന്നത്. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവര്‍ ഇനിയും പിടിയിലായിട്ടില്ല.ശ്രീലങ്കന്‍ സര്‍ക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തണമെന്നും യുഎസ് എംബസി ആവശ്യപ്പെട്ടു. 250 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇത് എത്രമാത്രം ശരിയാണെന്ന് ഇപ്പോഴും വ്യക്തമല്ല. ശ്രീലങ്കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വിശ്വാസികള്‍ എത്തുന്ന സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Exit mobile version