മുസ്ലീം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരന് നേരെയുണ്ടായ മര്‍ദ്ദനവും; ഓസ്‌ട്രേലിയന്‍ സെനറ്ററിനെതിരെ നടപടി ഉണ്ടായേക്കും

സെനറ്ററിന്റെ നിലപാട് നാണക്കേടാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു

മെല്‍ബണ്‍: മുസ്ലീം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നടപടിയെടുക്കും. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവെയ്പ്പുണ്ടായതിന് തൊട്ടു പിന്നാലെ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ കുടിയേറ്റമാണ് അക്രമത്തിന് കാരണമെന്നായിരുന്നു സെനറ്റര്‍ പറഞ്ഞത്.

പ്രതിഷേധ സൂചകമായി ഒരു കൗമാരക്കാരന്‍ സെനറ്ററുടെ തലയില്‍ മുട്ട എറിഞ്ഞുടച്ചിരുന്നു. ഫ്രേസര്‍ അനിങ്ങ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കൗമാരക്കാരന്‍ മുട്ട ഏറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ പതിനേഴുകാരനായ കൗമാരക്കാരനെ മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് സെനറ്റര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചത്.സെനറ്ററിന്റെ നിലപാട് പ്രധാനമന്ത്രി തള്ളിയിരുന്നു. കൂടാതെ സെനറ്ററിന്റെ നിലപാട് നാണക്കേടാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കൗമാരക്കാരനെപ്പറ്റിയുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി ഉപയോക്താക്കള്‍ ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചു. വില്‍ കൊനെലി എന്ന 17 കാരനാണ് മന്ത്രിയുടെ തലയില്‍ മുട്ട ഉടച്ചത്.വില്‍ കൊനേലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധാരാളം പേര്‍ യുവാവിനെ അഭിനന്ദിച്ച് രംഗത്ത് എത്തി.#eggboy എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.

Exit mobile version