മൂക്കില്‍ മുളച്ച പല്ല് കാരണം ബുദ്ധിമുട്ടി യുവാവ് : ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ആശ്വാസം !

നമ്മുടെ നാട്ടില്‍ സാധാരണ എല്ലാവരും ഉപയോഗിക്കാറുള്ള ചൊല്ലാണ് ‘മൂക്കില്‍ പല്ല് മുളയ്ക്കുക’ എന്നത്. ഒരുപാട് വയസ്സായി എന്ന് കാണിക്കാന്‍ തമാശയായി പലരും പറയാറുള്ളതാണിത്. എന്നാല്‍ ഈ ചൊല്ല് കാര്യമായി എന്ന് കാട്ടുന്ന ഒരു സംഭവമാണ് ന്യൂയോര്‍ക്കില്‍ നിന്ന് കേള്‍ക്കുന്നത്.

38 വയസ്സുള്ള യുവാവിന് ശരിക്കും മൂക്കില്‍ പല്ല് മുളച്ചു. വര്‍ഷങ്ങളായി ശ്വസനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവ് അസ്വസ്ഥത സഹിക്കാന്‍ വയ്യാതായതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കില്‍ പല്ല് വളരുന്ന വിവരം അറിഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയ ഇയാള്‍ തന്റെ വലത് നാസാദ്വാരത്തിലൂടെ ശ്വാസവായു വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചു. യുവാവിന്റെ മൂക്കിന് സാധാരണയില്‍ കവിഞ്ഞ വളവുണ്ടായിരുന്നു.

ഇത് കൂടാതെ മൂക്കില്‍ കല്ലുപോലെ എന്തോ ഒരു വസ്തു തടഞ്ഞിരിക്കുന്നുണ്ടെന്ന് റൈനോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിലാണ് തടഞ്ഞിരിക്കുന്നത് ഒരു പല്ലാണെന്നും അത് മൂക്കിന്റെ ഉള്ളറയില്‍ വളരുകയാണെന്നും ഡോക്ര്‍മാര്‍ സ്ഥിരീകരിക്കുന്നത്. മൂക്കില്‍ തടഞ്ഞത് പല്ലാണെന്ന് കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. ഇതോടെ യുവാവിന്റെ ശ്വസനവും നേരെയായി. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് ആരോഗ്യവാനായിരിക്കുന്നു എന്നും ഇയാള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

വായിലല്ലാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പല്ല് മുളയ്ക്കുന്നത് 0.1 ശതമാനം ആളുകളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ അവസ്ഥയാണെന്നാണ് മെഡിക്കല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ ‘ഇന്‍വേര്‍ട്ടഡ് എക്ടോപിക് ടൂത്ത്’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

Exit mobile version