ഇസ്രയേല്‍ നല്‍കാമെന്നറിയിച്ച പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ വേണ്ടെന്ന് പലസ്തീന്‍ : നല്‍കാനിരുന്നത് കാലാവധി അവസാനിക്കാറായ വാക്‌സിനെന്ന് അധികൃതര്‍

Palestine | Bignewslive

ജറുസലേം : ഇസ്രയേല്‍ നല്‍കാമെന്നറിയിച്ച പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ നിഷേധിച്ച് പലസ്തീന്‍. ഇസ്രയേലിന്റെ കൈവശമുണ്ടായിരുന്ന കാലാവധി കഴിയാറായ വാക്‌സീന്‍ ആണ് നല്‍കുന്നതെന്ന കാരണത്തെത്തുടര്‍ന്നാണ് തീരുമാനം.

ഫൈസര്‍ വാക്‌സിന്റെ പത്ത് ലക്ഷം ഡോസുകള്‍ പലസ്തീന് നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഞായറാഴ്ച അധികാരമേറ്റ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരായിരുന്നു പ്രഖ്യാപനത്തിന് പിന്നില്‍.യുഎന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്‌സീന്‍ ലഭിക്കുമ്പോള്‍ തിരിച്ച് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാലീ വാക്‌സീന്റെ കാലാവധി അവസാനിക്കാറായി എന്ന് ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ അധികൃതരുടെ നടപടി. ജൂലൈയിലോ ഓഗസ്റ്റിലോ കാലാവധി അവസാനിക്കും എന്നാണ് ഇസ്രയേല്‍ അറിയിച്ചിരുന്നതെങ്കിലും ഡോസുകളില്‍ രേഖപ്പെടുത്തിയിരുന്നത് ജൂണ്‍ എന്നായിരുന്നതിനാലാണ് അവ തിരിച്ചയച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രി മായ് അല്‍കൈല അറിയിച്ചു.

ഇസ്രയേലില്‍ ഇതിനോടകം തന്നെ മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അധിനിവേശ ശക്തിയെന്ന നിലയ്ക്ക് ഇസ്രയേല്‍ പലസ്തീനികള്‍ക്ക് വാക്‌സീനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പലസ്തീന്‍ വാക്‌സീന്‍ നിഷേധിച്ച സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

Exit mobile version