പലസ്തീന് പത്ത് ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് ഇസ്രായേല്‍

Naftali Bennett | Bignewslive

ജറുസലേം : പലസ്തീന് പത്ത് ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. ഞായറാഴ്ച അധികാരമേറ്റ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ പുതിയ സര്‍ക്കാരാണ് പ്രഖ്യാപനത്തിന് പിന്നില്‍.

യുഎന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്‌സീന്‍ ലഭിക്കുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്‌സീന്‍ നല്‍കുന്നത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സീനാണ് ഉടന്‍ കൈമാറുക. അതേ സമയം ഇത് സംബന്ധിച്ച് പലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

ഇസ്രയേലില്‍ ഇതിനോടകം തന്നെ മുതിര്‍ന്ന ജനസംഖ്യയുടെ 85ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.അധിനിവേശ വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും 4.5 ദശലക്ഷം പലസ്തീനികള്‍ക്ക് വാക്‌സീന്‍ നല്‍കാത്തതില്‍ ഇസ്രയേലിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.തുടര്‍ന്ന് വെസ്റ്റ് ബാങ്കിലെ 3,80,000 പേര്‍ക്കും 50,000 പേര്‍ക്കും ഇതുവരെ വാക്‌സീന്‍ നല്‍കി. ഇസ്രയേലില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികള്‍ക്കും മുമ്പ് വാക്‌സീന്‍ നല്‍കിയിരുന്നു.

അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രയേല്‍ പലസ്തീനികള്‍ക്ക് വാക്‌സീനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 1990കളില്‍ പലസ്തീനുമായി ഉണ്ടാക്കിയ ഇടക്കാല സമാധാന കരാറുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഇസ്രയേല്‍ അത്തരമൊരു ബാധ്യത നിഷേധിക്കുകയാണ്.

Exit mobile version