ഇരുപത് വര്‍ഷത്തിനിടെ വേട്ടയാടി കൊന്നത് എഴുപതോളം കടുവകളെ : കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ് പിടിയില്‍

Tiger habib | Bignewslive

ധാക്ക : ബംഗ്‌ളദേശിലെ കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബിനെ നീണ്ട ഇരുപത് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ് പിടികൂടി. ഹബീബി താലൂദ്കര്‍ എന്ന ഇയാള്‍ എഴുപതോളം ബംഗാള്‍ കടുവകളെ കൊന്നിട്ടുണ്ടെന്നാണ് വിവരം.

കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ സുന്ദര്‍ബന്‍ വനപ്രദേശത്താണ് ഇയാള്‍ വേട്ടയാടിയിരുന്നത്. കടുവകളെ വേട്ടയാടിക്കൊന്ന ശേഷം തോല്‍,മാംസം,എല്ലുകള്‍ എന്നിവ കരിഞ്ചന്തയില്‍ വില്‍ക്കും. ഇത് ആഗോളവിപണിയിലടക്കം എത്തുമായിരുന്നു.കാട്ടുതേന്‍ ശേഖരിച്ചാണ് ഇയാള്‍ തുടക്കകാലത്ത് ജീവിച്ചിരുന്നത്. കാടിനടുത്ത് താമിസിച്ചിരുന്ന ഇയാള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വരുമ്പോള്‍ കണ്ണുവെട്ടിച്ച് രക്ഷപെടാറായിരുന്നു പതിവ്.

കടുവകളെ വേട്ടയാടുന്നതും പിടിക്കപ്പെടാതിരിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ക്കിടയില്‍ ഇയാള്‍ക്ക് നായകപരിവേഷം ലഭിച്ചു.ഒരേ സമയം ആളുകള്‍ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആളായിരുന്നു ഹബീബ്. ഇയാള്‍ പിടിക്കപ്പെട്ടത് പോലീസിന് വലിയ ആശ്വാസമായിരിക്കുകയാണ്.

വനത്തിലെ ജൈവവൈവിധ്യത്തിന് ഇയാള്‍ വലിയ ഭീഷണിയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.2004ല്‍ 440 എണ്ണമുണ്ടായിരുന്ന ബംഗാള്‍ കടുവകള്‍ 2015 ആയപ്പോഴേക്കും 106 ആയി കുറഞ്ഞെന്നാണ് വനം വകുപ്പിന്റെ കണക്ക്.

Exit mobile version