ഇത് സന്തോഷത്തിന്റെ നിമിഷം; രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റര്‍തൈ്വറ്റ് ലീ തഹൂഹു ദമ്പതികള്‍ക്കാണ് കുഞ്ഞുജനിച്ചത്. ജനുവരി 13നാണ് കുഞ്ഞ് പിറന്നത്.

ദമ്പതികളിലെ ലീ തഹൂഹുവാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച വിവരം സന്തോഷ പൂര്‍വ്വം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റര്‍തൈ്വറ്റ് ദേശീയ ടീമില്‍നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.

‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റര്‍തൈ്വറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതില്‍ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവര്‍ക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം തഹൂഹു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2017 മാര്‍ച്ചിലാണ് ന്യൂസീലന്‍ഡ് ദേശീയ ടീമില്‍ അംഗങ്ങളായിരിക്കെ ഇരുവരും വിവാഹിതരായത്. കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആമി സാറ്റര്‍തൈ്വറ്റ് പുറത്തുവിട്ടത്. ഇതിനുള്ള തയാറെടുപ്പിനായി സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുകയാണെന്നും ആമി അറിയിച്ചിരുന്നു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുള്ള ഉടമ്പടി പ്രകാരം പ്രസവവുമായി ബന്ധപ്പെട്ടുള്ള ഇടവേളയുടെ കാലയളവില്‍ പ്രതിഫലത്തോടു കൂടിയ അവധി ലഭ്യമാണ്.

Exit mobile version