ഗള്‍ഫ് മേഖലയിലെ എണ്ണകപ്പലുകള്‍ക്ക് കാവലായി അമേരിക്കന്‍ പടക്കപ്പല്‍ എത്തി

ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഒരുക്കാന്‍ അമേരിക്കന്‍ പടക്കപ്പല്‍ ബഹ്റൈനിലെത്തി. തുടര്‍ച്ചയായി എണ്ണക്കപ്പലുകള്‍ക്ക് നേരെ ഉണ്ടാവുന്ന ആക്രമണം തടയാനാണ് പുതിയ നടപടി.

ലോകത്തിലെ പ്രധാന കപ്പല്‍ ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കു കടത്തും ഇതുവഴിയാണ്. ഇറാന്‍ അതിര്‍ത്തി ചേര്‍ന്ന്കിടക്കുന്ന ഈ പ്രദേശത്ത് ഏത് സമയവും ആക്രമണമുണ്ടാകാം എന്നതാണ് സാഹചര്യം. ഇവിടെ വെച്ച് പല തവണകളിലായി ഗള്‍ഫ് മേഖലയിലെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടിറ്റുണ്ട്.

ഇത് തടയാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സഖ്യസേന ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയത്. കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഒരുക്കുന്നതോടെ ഈ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമാവും എന്നാണ് പ്രതീക്ഷ.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകള്‍ക്ക് നാവിക കപ്പലുകള്‍ അകമ്പടി പോകും. സൗദിയുടെ എണ്ണക്കപ്പല്‍ ആക്രമിച്ചത് ഇറാനാണെന്ന് പല രാജ്യങ്ങളും ആരോപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബഹ്റൈന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷനല്‍ മരിറ്റൈം സെക്യൂരിറ്റി കണ്‍സ്ട്രക്ടിന്റെ ഭാഗമാകുന്നത്.

സെപ്തംബറില്‍ സൗദിയും യുഎഇയും അംഗങ്ങളായി. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നിവയും ഗള്‍ഫ് മേഖലയിലെ ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും. എന്നാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളും സഖ്യത്തില്‍ ചേരാന്‍ തയ്യാറായിട്ടില്ല.

Exit mobile version