ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ കടലിലേക്ക് തിരിച്ചുവിട്ടു യുവാവ്; കാരണം ഇതാണ്

അയര്‍ലന്‍ഡ്: ചൂണ്ടയില്‍ കുടുങ്ങിയ ട്യൂണ മത്സ്യത്തെ കടലിലേക്ക് തിരിച്ചുവിട്ടു യുവാവ്. മൂന്ന് മില്യണ്‍ യൂറോ(23.19കോടി രൂപ) വിലമതിക്കുന്ന മത്സ്യത്തെയാണ് ഡേവ് എഡ്വേര്‍ഡ്‌സ് എന്ന യുവാവ് കടലിലേക്ക് വിട്ടയച്ചത്.

എട്ടര അടി നീളമുള്ള ട്യൂണ മത്സ്യമാണ് യുവാവിന്റെ ചൂണ്ടയില്‍ കുടുങ്ങിയത്. അയര്‍ലന്‍ഡില്‍ നിന്നും ലഭിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ട്യൂണ മത്സ്യമാണ് ഇതെന്നാണ് പറയപ്പെടുന്നത്. ട്യൂണക്ക് വന്‍വിലയാണ് അന്താരാഷ്ട്രതലത്തിലുള്ളത്.

എന്നാല്‍ യുവാവ് മത്സ്യത്തെ പിടികൂടിയത് വില്‍ക്കാനോ ഭക്ഷിക്കാനോ ആയിരുന്നില്ല. മറിച്ച് പഠനത്തിന്റെ ഭാഗമായിട്ടാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്ന സംഘത്തിലെ അംഗമാണ് യുവാവ്. ഇതിന്റെ ഭാഗമായാണ് മത്സ്യത്തെ പിടിച്ച ശേഷം തുറന്നുവിട്ടത് എന്ന് യുവാവ് പറയുന്നു. പിടിച്ച മത്സ്യത്തില്‍ പ്രത്യേകതരം ടാഗ് ഇട്ട ശേഷം അവയെ സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്ന് എഡ്വേര്‍ഡ്‌സ് പറയുന്നു.

വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഭാഗമായാണ് എഡ്വേര്‍ഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ 15 വരെ നടക്കുന്ന ഈ കണക്കെടുക്കല്‍ പദ്ധതിയില്‍ പതിനഞ്ചോളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്.

Exit mobile version