വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ 103-ാമത്തെ വയസ്സിലും സ്വര്‍ണ്ണം നേടി ഒരു മുത്തശ്ശി

പ്രായത്തിനെ കാറ്റില്‍ പറത്തി ഒരു മുത്തശ്ശി വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ ഷോട്ട് പുട്ടില്‍ ഗോള്‍ഡ് നേടി. 103 ആണ് ഈ മുത്തശ്ശിയുടെ പ്രായം. പോളണ്ടില്‍ വെച്ച് നടന്ന മത്സരത്തിലാണ് 103 വയസ്സുള്ള മാന്‍കൗര്‍ സ്വര്‍ണ്ണം നേടിയത്.

‘എനിക്ക് ഇനിയും ഇനിയും വിജയിക്കണം. വിജയം നേടിയതോടെ താന്‍ വളരെ ഹാപ്പിയാണ്’ എന്നാണ് ഈ പ്രായത്തിലും മാന്‍ കൗര്‍ പറയുന്നത്. ഈ മുത്തശ്ശിയുടെ ആദ്യ വിജയമല്ല ഇത്. സ്‌പെയിനില്‍ കഴിഞ്ഞ വര്‍ഷം നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും 100-104 വയസ്സിലുള്ളവരുടെ 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ കൗര്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.

ഈ മുത്തശ്ശി ഓടിത്തുടങ്ങുന്നത് 93-ാമത്തെ വയസ്സിലാണ്. അമ്മയ്ക്ക് ഇപ്പോള്‍ കാല്‍മുട്ടിനോ ഹൃദയസംബന്ധമായ പ്രശ്‌നമോ ഇല്ല. അതുകൊണ്ട് ഓടിത്തുടങ്ങൂ എന്ന പ്രചോദനം നല്‍കിയത് മാന്‍ കൗറിന്റെ മകന്‍ ഗുരുദേവ് സിങ്ങായിരുന്നു. അങ്ങനെയാണ് മുത്തശ്ശി ഓടിത്തുടങ്ങിയത്. വൈകാതെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള പരിശീലനവും നേടിത്തുടങ്ങി.

എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് മാന്‍ കൗറിന്റെ പരിശീലനം. ഓടുന്നതിന്റെ കൂടെ പരിചയക്കാരായ പ്രായമായ സ്ത്രീകളെ തനിക്കൊപ്പം വിളിക്കുകയും ചെയ്യും കൗര്‍. കൂടാതെ കൃത്യമായ ഭക്ഷണശീലവും ഈ മുത്തശ്ശി പിന്തുടരുന്നുണ്ട്. വീട്ടിലെ കുട്ടികളേയും കൗര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ മുന്‍കൈ എടുക്കും.

Exit mobile version