ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ അപമാനിച്ചു; മധ്യവയസ്‌കയെ ‘പാഠം പഠിപ്പിച്ച്’ പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ അപമാനിച്ച മധ്യവയസ്‌കയെ ‘പാഠം പഠിപ്പിച്ച്’ ഒരു കൂട്ടം പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടാനുള്ള കാരണം അവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതാണെന്ന ധാരണ ഇപ്പോഴും വച്ചുപുലര്‍ത്തുന്ന ഒരു മധ്യവയസ്‌കയെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ചേര്‍ന്ന് ‘പാഠം പഠിപ്പിക്കുന്നതിന്റെ’ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറാലാവുകയാണ്. സംഭവം ഡല്‍ഹിയിലാണ്. തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നതും സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുള്ളത് ശിവാനി ഗുപ്ത എന്ന ഫേസ്ബുക്ക് ഉപയോക്താവാണ്.

ഒരു ഭക്ഷണശാലയില്‍ ശിവാനിയും സുഹൃത്തുക്കളും ഇരിക്കുമ്പോഴായിരുന്നു സംഭവം. ‘ ഒരു മധ്യവയസ്‌കയായ സ്ത്രീ ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചു. ഞങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ ഭക്ഷണശാലയിലുണ്ടായിരുന്ന ഏഴു പുരുഷന്മാരോട് ആവശ്യപ്പെട്ടു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടേണ്ടവരാണ് ഞങ്ങളെന്നായിരുന്നു അവര്‍ ചിന്തിച്ചിരുന്നത്’-ശിവാനി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ സ്ത്രീയോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീ മാപ്പ് പറയാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല അഭിപ്രായത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതോടെ സംഭവം പെണ്‍കുട്ടികളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. മാപ്പ് പറയാന്‍ തയ്യാറല്ലെന്നും പോലീസിനെ വിളിക്കാനുമാണ് മധ്യവയസ്‌ക പറഞ്ഞത്. അതിനിടെ മറ്റൊരു സ്ത്രീ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായെത്തി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടിയെ അപമാനിച്ചത് തെറ്റാണെന്നും മാപ്പ് പറഞ്ഞേ മതിയാകൂവെന്നും ആ സ്ത്രീ പറഞ്ഞു.

എന്നാല്‍ മധ്യവയസ്‌ക തന്റെ നിലപാടില്‍നിന്ന് പിന്നോക്കം പോകാന്‍ തയ്യാറാകുന്നതേയില്ല. കൂട്ടത്തിലെ ഒരു പെണ്‍കുട്ടി രണ്ടുവയസ്സുള്ള കുട്ടികള്‍ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മധ്യവയസ്‌ക പ്രതികരിക്കുന്നത് ഇത്തരത്തിലാണ്: ഹലോ സ്ത്രീകളെ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നു. വൗ നല്ല കാര്യം. മറ്റൊന്നു കൂടി, ഈ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ദയവായി ഈ പെണ്‍കുട്ടികളെ നിയന്ത്രിക്കൂ.

Exit mobile version