പന്ത്രണ്ടായിരത്തോട് അടുത്ത് കൊവിഡ് രോഗികള്‍; 23 മരണം; 11423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, അതീവ ആശങ്കയില്‍ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇന്ന് 11755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ ഉറവിടം വ്യക്തമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 7570 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം
95918 ആയി. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 66228 സാമ്പിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെയും മരണനിരക്കിനെയും സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ പകര്‍ച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാന്‍ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിര്‍ത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സാധിച്ചു. ആരോഗ്യ സംവിധാനം ശക്തമാക്കാനും സാവകാശം കിട്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ് മാസത്തില്‍ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറില്‍ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുന്‍പത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകള്‍ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീര്‍ഘിപ്പിച്ചതും അതിനിടയില്‍ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version