മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു. ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്. കൊവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതലാണ് തീരെ വഷളായത്. ശ്വാസകോശ അണുബാധ അധികരിച്ചതാണ് ആരോഗ്യനില തീര്‍ത്തും വഷളാകാന്‍ കാരണം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ് പ്രണബ് മുഖര്‍ജിയുടെ ജനനം. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയാണ് പിതാവ്. മാതാവ് രാജലക്ഷ്മി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.

സുരി വിദ്യാസാഗര്‍ കോളേജില്‍ നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എംഎ ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേര്‍ ഡാക്’ ല്‍ പത്രപ്രവര്‍ത്തകനായും ജോലി നോക്കിയിട്ടുണ്ട്. പിന്നീട് അഭിഭാഷകനായി. തുടര്‍ന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്.

Exit mobile version