കൊവിഡ്: തീവ്രബാധിത മേഖലകളില്‍ മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അന്തിമ തീരുമാനം മെയ് മൂന്നിന് എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണില്‍ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്ന്, മറ്റ് മേഖലകള്‍ക്ക് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. അതെസമയം കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയാനുള്ള കര്‍ശനമായ നടപടികളുണ്ടാകും.

രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത നാലാമത്തെ അവലോകന യോഗമായിരുന്നു ഇത്. ഒമ്പത് മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകളും പ്രധാനമന്ത്രി എഴുതിവാങ്ങിയിരുന്നു

കൊവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് ശേഷവും തുടരണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ആവശ്യപ്പെട്ടു. ഗോവ, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അടച്ചിടല്‍ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചു. വാണിജ്യപ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് മിക്ക സംസ്ഥാനങ്ങളും ഉയര്‍ത്തിയത്. നികുതി വരുമാനം കുറഞ്ഞതു സംസ്ഥാനങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.

Exit mobile version