വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ ചരിത്ര കഥകളുമായി ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. പൊഴുതന അച്ചൂരിലാണ് ടീ മ്യൂസിയം തുടങ്ങിയിരിക്കുന്നത്

വയനാട്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വയനാട്. മഞ്ഞും മലകളും മാടി വിളിക്കുന്ന ദേശം സഞ്ചാരികള്‍ക്കു മുന്നില്‍ കാഴ്ചയുടെ പുതിയൊരു ലോകമാണ് തുറന്നുക്കൊടുക്കുന്നത്. വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയുമായി ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ ചരിത്ര കഥകളുമായി ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. പൊഴുതന അച്ചൂരിലാണ് ടീ മ്യൂസിയം തുടങ്ങിയിരിക്കുന്നത്. വയനാട്ടിലെ ആദ്യത്തെ ടീ മ്യൂസിയമാണിത്. രണ്ടു പതിറ്റാണ്ടു മുമ്പ് അഗ്നിക്കിരയായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

1914ല്‍ നിര്‍മ്മാണം തുടങ്ങി 1920-ഓടെയാണ് കമ്പനി തുടങ്ങിയത്. 1995ല്‍ കെട്ടിടം തീ പിടിച്ചു നശിക്കുകയായിരുന്നു. മൂന്ന് നിലകളിലായി പഴമയുടെ പ്രൗഡി നിലനിര്‍ത്തിത്തന്നെയാണ് കെട്ടിടം മ്യൂസിയമായി മാറ്റിയിരിക്കുന്നത്. പഴമയുടെ പെരുമയാണ് അകം നിറയെ. ബോസ്റ്റണ്‍ ടീ പാര്‍ട്ടി മുതല്‍ വയനാടന്‍ തേയിലയുടെ ചരിത്രം വരെ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന വിവിധ യന്ത്രങ്ങളും തേയിലയുടെ ചരിത്രവുമാണ് ഒന്നാം നിലയില്‍. കൂടാതെ അച്ചൂരിന്റെ മാപ്പും ഒരുക്കിയിട്ടുണ്ട്. അച്ചൂര്‍ സ്‌കൂള്‍, പാലം, ദേവാലയം, ഫാക്ടറി തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം മാപ്പില്‍ കാണാം.

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നു ആഗോളതലത്തില്‍ തേയില വ്യാപാരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കുന്ന കരകളും, സമുദ്രമാര്‍ഗങ്ങളും ഉള്‍പ്പെടുന്ന ഭൂപടവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തേയിലയുടെ രസകരമായ വസ്തുതകളും ഇന്ത്യയിലെ തേയിലവ്യാപാരത്തിന് പ്രേരകമായ ഘടകങ്ങളും ബോസ്റ്റണ്‍ ടീ പാര്‍ട്ടിയെ സംബന്ധിച്ചുള്ള ചരിത്രപരമായ കാരണങ്ങളും വിശദീകരിക്കുന്നു. തോട്ടം മേഖലയെപ്പറ്റിയും അവിടെ നിലനിന്നിരുന്ന സാമൂഹിക ജീവിതത്തെ പറ്റിയുമുള്ള വിവരണവും കാണാം.

രണ്ടാംനിലയില്‍ പഴയകാല ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, തേയിലയില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളാണ് ഉള്ളത്. പഴയ കാലത്ത് പഞ്ചിംഗിനായി ഉപയോഗിച്ചിരുന്ന സ്വിസ്മെയ്ഡ് ക്ലോക്ക് മ്യൂസിയത്തിലെ ഏറെ ശ്രദ്ധേയമാണ്. ആദ്യാകാലങ്ങളില്‍ തേയില സംസ്‌ക്കരിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങളും ആദ്യകാല ഫോട്ടോകളും മ്യൂസിയത്തെ ഏറെ ആകര്‍ഷകമാക്കുന്നു.

മ്യൂസിയത്തിന്റെ മൂന്നാം നിലയില്‍ ടീ ബാറാണ്. മ്യൂസിയത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും വ്യത്യസ്തങ്ങളായ ചായയുടെ രുചിയറിയാം. എട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. എട്ട് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും അതിന് മുകളില്‍ ഉള്ളവര്‍ക്ക് 50 രൂപയുമാണ് പ്രവേശനഫീസ്.

Exit mobile version