വീഡിയോ ഗെയിം സൂപ്പര്‍ മാരിയോയിലെ കഥാപാത്ര നാമത്തിന്റെ യഥാര്‍ത്ഥ ഉടമ മാരിയോ സെഗാലി അന്തരിച്ചു

ലോകമെങ്ങും പ്രസിദ്ധമായ വീഡിയോ ഗെയിം ആണ് സൂപ്പര്‍ മാരിയോ. അതിലെ ‘മാരിയോ’ എന്ന കഥാപാത്ര നാമത്തിന്റെ യഥാര്‍ത്ഥ ഉടമ മാരിയോ സെഗാലി (84) അന്തരിച്ചു. അമേരിക്കന്‍ വ്യവസായിയും റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറുമായിരുന്നു അദ്ദേഹം.

മാരിയോയുടെ പേര് ഗെയിമിലെ കഥാപാത്രത്തിന് ഇടുന്നത് ‘ജമ്പ് മാന്‍’ എന്ന വിളിപ്പേര് മാറ്റിയാണ്. നിന്റെന്റോയുടെ അമേരിക്കന്‍ ആസ്ഥാനത്തിന്റെ ചുമതലക്കാരനായ മിനോരു അരകാവയാണ് വീഡിയോ ഗെയിം കഥാപാത്രത്തിന് മാരിയോ എന്ന പേരിടാന്‍ തീരുമാനിച്ചത്. അതിന് പിന്നിലൊരു കഥയുണ്ട്.

മാരിയോ സേഗാലി ഗെയിമിന്റെ സ്രഷ്ടാവോ അണിയറ പ്രവര്‍ത്തകനോ ഒന്നും ആയിരുന്നില്ല. അമേരിക്കയിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയും കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്തിരുന്നയാളുമായിരുന്നു അദ്ദേഹം. 1981 ല്‍ അമേരിക്കയില്‍ ആസ്ഥാനമായി ഉപയോഗിക്കുന്നതിന് വേണ്ടി നിന്റെന്റോയ്ക്ക് ഒരു കെട്ടിടം വാടകയ്ക്ക് നല്‍കിയത് മാരിയോ സെഗാലിയായിരുന്നു.

ജമ്പ് മാന്‍ കഥാപാത്രമായ ‘ഡോങ്കി കോങ്’ എന്ന ആര്‍ക്കേഡ് ഗെയിമിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന കാലത്ത് വാടക കുടിശ്ശികയുടെ പേരില്‍ നിന്റെന്റോ ആസ്ഥാനത്ത് സെഗാലി മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് മിനോരു അരകാവയെ കണക്കിന് ശകാരിച്ചു. ഈ കഥ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ജമ്പ് മാന്‍ അഥവാ ചാടുന്ന മനുഷ്യന്‍ എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ഡോങ്കി കോങ് എന്ന ഗെയിമിലെ കഥാപാത്രത്തിന് മാരിയോയുടെ പേര് നല്‍കി അദ്ദേഹത്തെ അനശ്വരനാക്കുകയാണ് മിനോരു അരക്കാവയും സംഘവും ചെയ്തത്.

ഈ കഥ ആദ്യം പറഞ്ഞത് ഡേവിഡ് ഷെഫ് എന്നയാളുടെ ‘ഗെയിം ഓവര്‍’ എന്ന പുസ്തകത്തിലാണ്. ശേഷം സ്റ്റീവന്‍ എല്‍. കെന്റിന്റെ ‘അള്‍ടിമേറ്റ് ഹിസ്റ്ററി ഓഫ് വീഡിയോ ഗെയിംസ്’ എന്ന പുസ്തകത്തിലും ഈ കഥ പരാമര്‍ശിക്കുന്നുണ്ട്.

പിന്നീട് 2015ല്‍ നിന്റെന്റോ തന്നെ ഈ കഥ സ്ഥിരീകരിച്ചു. അതേസമയം മാരിയോ സെഗാലി ഇതേകുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ പേര് ഉപയോഗിച്ച വകയിലുള്ള റോയല്‍റ്റി ചെക്കിന് വേണ്ടി ഇപ്പോഴും താന്‍ കാത്തിരിക്കുകയാണെന്ന് 1993 ല്‍ ഒരു അഭിമുഖ സംഭാഷണത്തിനിടെ തമാശരൂപേണ സെഗാള്‍ പറയുകയുണ്ടായി.

ഡോണ ആയിരുന്നു ഭാര്യ. നാല് മക്കളും ഒമ്പത് കൊച്ചുമക്കളും മാരിയോ സെഗാളിനുണ്ട്.

Exit mobile version