ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ 12ാം സ്ഥാനത്ത്

റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് സെര്‍ച്ചുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 12ാം സ്ഥാനം. ഈ വര്‍ഷം ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഓണ്‍ലൈനില്‍ സുരക്ഷിതരായിക്കാന്‍ നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും ഭൂരിഭാഗം സൈബര്‍ ആക്രമണങ്ങളുടെയും പ്രധാന ലക്ഷ്യം പണമാണെന്നും കാസ്പര്‍സ്‌കീ ലാബ് ദക്ഷിണേഷ്യാ ജനറല്‍ മാനേജര്‍ ഷ്രെനിക് ഭയനി വിശദീകരിച്ചു.

സൈബര്‍ കുറ്റവാളികള്‍ ബ്രൗസറുകളിലെ സുരക്ഷാ വീഴ്ച ഉപയോഗപ്പെടുത്താറുണ്ട്. അപകടകാരികളായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവിന്റെ അറിവോ ഇടപെടലോ ഇല്ലാതെ തന്നെ ഇവര്‍ക്ക് ആക്രമണം നടത്താന്‍ കഴിയുന്നു. ഇത് സൈബര്‍ ആക്രമണം നടത്തുന്നതിനുള്ള അസംഖ്യം മാര്‍ഗങ്ങളിലൊന്നു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനും ഭീഷണികള്‍ തിരിച്ചറിയാനും കഴിവുള്ള ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനം ആവശ്യമാണെന്നും അവ സമയബന്ധിതമായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും ഒപ്പം ബ്രൗസര്‍ സോഫ്‌റ്റ്വെയറുകളും പ്ലഗ്ഗിനുകളും അപ്‌ഡേറ്റ് ചെയ്യണമെന്നും കാസ്പര്‍സ്‌കീ പറഞ്ഞു.

Exit mobile version