വ്യാജവാര്‍ത്താ പ്രചരണം തടയാന്‍ കൂടുതല്‍ സംവിധാനങ്ങളുമായി വാട്‌സ് ആപ്പ്; ഫോര്‍വേഡ് സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് നിയന്ത്രിക്കാം

വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പുകളിലെത്തുന്നത് നിയന്ത്രിക്കാന്‍ വാട്‌സ് ആപ്പിന്റെ 2.19.97 ബീറ്റ അപ്‌ഡേറ്റില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ് ആപ്പ്. ഈ ഫീച്ചര്‍ ബീറ്റാ പതിപ്പില്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്നും അത് ഇപ്പോഴും നിര്‍മ്മാണ ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഫീച്ചറുകളാണ് വാട്‌സ് ആപ്പ് പരീക്ഷിക്കുന്നത്. ഒന്ന് ഫോര്‍വേഡിങ് ഇന്‍ഫോയാണ്. ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന വിവരം ഈ ഫീച്ചറിലൂടെ അറിയാം. അടുത്തത് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് എന്ന ലേബലിങ്ങ് സംവിധാനമാണ്. ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ സന്ദേശങ്ങള്‍ക്ക് നല്‍കുന്നത് കൂടുതലായി വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനാണ്. ഇങ്ങനെ എണ്ണത്തില്‍ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ വിലക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നല്‍കാനാണ് ഇപ്പോള്‍ വാട്‌സ് ആപ്പ് ഒരുങ്ങുന്നത്.

ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജുകള്‍ അനുവദിക്കണോ വേണ്ടയോ എന്നുള്ള ഓപ്ഷന്‍ ഗ്രൂപ്പ് സെറ്റിങ്ങ്‌സിലാണ് ഉള്‍പ്പെടുത്തുക. എന്നാല്‍ ഈ രീതിയില്‍ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ മാത്രമേ തടയാന്‍ കഴിയൂ. ഏത് സന്ദേശവും ഉപയോക്താക്കള്‍ക്ക് കോപ്പി പേസ്റ്റ് ചെയ്ത്ഗ്രൂപ്പുകളില്‍ ഇടാന്‍ സാധിക്കും. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ സന്ദേശങ്ങള്‍ അനാവശ്യമായി ഫോര്‍വേഡ് ചെയ്യുന്നതിന് ഒരു നിയന്ത്രണം വരുത്താന്‍ ഇതിലൂടെ കഴിയും.

ഈ ഫീച്ചര്‍ വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പരീക്ഷിക്കുന്നതെന്നാണ് സൂചന. ഐഓഎസ് പതിപ്പില്‍ അധികം വൈകാതെ തന്നെ ഫീച്ചര്‍ എത്തുമെന്നും സൂചനകളുണ്ട്. ഏതെങ്കിലും ഗ്രൂപ്പില്‍ ഒരാളെ അംഗമായി ചേര്‍ക്കണമെങ്കില്‍ അയാളുടെ അനുമതി നിര്‍ബന്ധമാക്കുന്ന ഫീച്ചര്‍ വാട്‌സാപ്പില്‍ അവതരിപ്പിച്ചിരുന്നു.

Exit mobile version