വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്..! ഫോര്‍വേഡ് മെസേജുകള്‍ തടയാന്‍ പുതിയ ഫീച്ചര്‍

എന്നാല്‍ ഫാര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ മാത്രമെ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു. ഉപയോക്താക്കള്‍ക്ക് ഏത് സന്ദേശവും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഏത് ഗ്രൂപ്പുകളിലേക്ക് വേണമെങ്കിലും ഇടാന്‍ കഴിയും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഗ്രൂപ്പിലേക്ക് തുടര്‍ച്ചയായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ തടയാന്‍ ഗ്രൂപ്പ് അഡ്മിന് അധികാരം നല്‍കുന്ന പുതിയ സംവിധാനമാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.

2.19.97 ബീറ്റ വേര്‍ഷനിലാണ് പുതിയ സൗകര്യമുള്ളത്. എന്നാല്‍ ഈ ഫീച്ചര്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നും ഇത് നിര്‍മാണഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയിക്കുന്ന ഫോര്‍വേഡിംഗ് ഇന്‍ഫോയും ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാടാസ്ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്ന ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് എന്ന സംവിധാനവുമാണ് വാട്‌സ്ആപ്പ് നല്‍കുന്ന പുതിയ സേവനങ്ങള്‍. ആന്‍ഡ്രോയിഡ് സംവിധാനത്തിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചിരിക്കുന്നത്. ഐഒഎസില്‍ വൈകാതെ എത്തുമെന്നാണ് അറിയുന്നത്.

ഒരിക്കല്‍ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടാല്‍ ഗ്രൂപ്പ് സെറ്റിംഗ്‌സില്‍ ഈ ഫീച്ചര്‍ ലഭിക്കും. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമെ ഇത് കാണാനും എഡിറ്റ് ചെയ്യാനും സാധിക്കുകയുള്ളു. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് അനുവദിക്കണോ വേണ്ടയോ എന്ന് ചോദിക്കും.

എന്നാല്‍ ഫാര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ മാത്രമെ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു. ഉപയോക്താക്കള്‍ക്ക് ഏത് സന്ദേശവും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഏത് ഗ്രൂപ്പുകളിലേക്ക് വേണമെങ്കിലും ഇടാന്‍ കഴിയും. എന്നാല്‍ ഇത് അത്ര എളുപ്പമല്ലാത്തതിനാല്‍ സന്ദേശങ്ങള്‍ അനാവശ്യമായി ഫോര്‍വേഡ് ചെയ്യപ്പെടില്ലെന്നാണ് കരുതുന്നത്.

അതേസമയം, ഉപയോക്താക്കളെ ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കണമെങ്കില്‍ അവരുടെ അനുമതി വാങ്ങുന്നതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Exit mobile version