റഷ്യയില്‍ ഇനി ഇന്‍സ്റ്റഗ്രാമിന് പകരം ‘റോസ്ഗ്രാം’ : ഈ മാസം പുറത്തിറക്കും

മോസ്‌കോ : ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പകരം ആപ്പുമായി റഷ്യ. റോസ്ഗ്രാം എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഈ മാസം 28ന് റഷ്യ പുറത്തിറക്കും.

റോസ്ഗ്രാമില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വ്യത്യസ്തമായി ക്രൗഡ്ഫണ്ടിംഗും പെയ്ഡ് കണ്ടന്റുകളും ഉണ്ടാകുമെന്നാണ് വിവരം. റഷ്യയില്‍ ഏറെ ഉപഭോക്താക്കളുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ എല്ലാ സാധ്യതകളും ഉള്‍ക്കൊള്ളിച്ചാണ് റോസ്ഗ്രാം എത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാമിനോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന ലോഗോയാണ് റോസ്ഗ്രാമിന്റേതും. ഫേസ്ബുക്കിന്റെ പേരന്റ് കമ്പനിയായ മെറ്റ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉക്രെയ്ന്‍ പൗരന്മാര്‍ റഷ്യയ്‌ക്കെതിരെ നടത്തുന്ന ക്യാംപെയ്‌നുകള്‍ വിലക്കില്ല എന്ന് മെറ്റ അറിയിച്ചതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം റഷ്യന്‍ സര്‍ക്കാര്‍ രാജ്യത്ത് നിന്ന് നീക്കിയത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വിവേചനം നടത്തുന്നുവെന്നും റഷ്യ ആരോപിച്ചിരുന്നു. അതേസമയം മെറ്റയുടെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിന് രാജ്യത്ത് വിലക്കില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് സ്വന്തമായി കൂടുതല്‍ ടെക്‌നോളജികള്‍ വികസിപ്പിക്കുകയാണ് റഷ്യ. സ്വന്തം സ്മാര്‍ട്ട് ഫോണുകളും ടിക് ടോക്കിന് പകരമായി യാപ്പി എന്ന ആപ്പുമൊക്കെ നവംബറില്‍ റഷ്യ വികസിപ്പിച്ചിരുന്നു.

Exit mobile version