സര്‍ക്കാര്‍ ആന്റി-ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലെന്ന് അമിത് ഷാ

Amit Shah | Bignewslive

ന്യൂഡല്‍ഹി : രാജ്യത്ത് നടന്നുവരുന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആന്റി-ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ.ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജമ്മു എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഷായുടെ പരാമര്‍ശം. ബിഎസ്എഫിന്റെ 17ാമത് ഇന്‍വെസ്റ്റിറ്റിയൂര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്ന് പറഞ്ഞ അമിത് ഷാ ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദേശീയ സുരക്ഷയ്ക്ക് നേരെ ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ചും അമിത് ഷാ പരാമര്‍ശിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരവാദികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പ്രയോജനപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version