നാലു ക്യാമറയുമായി സാംസങ്ങ് ഗ്യാലക്സി എ 9 പുറത്തിറങ്ങി

നാലു ക്യാമറകളോട് കൂടിയ ക്വാഡ് റിയര്‍ ക്യാമറയാണ് ഗ്യാലക്സി എ 9ന്റെ പ്രധാന പ്രത്യേകത

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണായ ഗാലക്സി എ 9 പുറത്തിറങ്ങി. മലേഷ്യയിലെ ക്വലാലംപൂരിലാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കിയത്. നാലു ക്യാമറകളോട് കൂടിയ ക്വാഡ് റിയര്‍ ക്യാമറയാണ് ഗ്യാലക്സി എ 9ന്റെ പ്രധാന പ്രത്യേകത. സാംസങ്ങ് ഗ്യാലക്സി എ 7 ശ്രേണിയില്‍ പെട്ടതാണ് പുതിയ ഫോണും. 18.5:9 ആസ്പക്റ്റ് റേഷ്യോ വലിപ്പമുള്ള സ്‌ക്രീന്‍, 6 ജിബി റാം എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്.

ഏകദേശം 51,300 രൂപ മുതലാണ് സാംസങ്ങ് ഗ്യാലക്സി എ 9ന്റെ വിലയാരംഭിക്കുന്നത്. നവംബര്‍ മുതലാണ് ഫോണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വില എത്രയായിരിക്കും എന്നതിനെ കുറിച്ച് ചടങ്ങില്‍ പ്രഖ്യാപനമുണ്ടായില്ല. പിങ്ക്, ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക.

രണ്ട് നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ 8.0 ഒറിയോ ആന്‍ഡ്രോയിഡ് പതിപ്പാണ് ഉള്ളത്. 6.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്പ്ലേ, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 660 എസ്ഒസി പ്രോസസ്സര്‍, 6 ജിബി, 8 ജിബി റാം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. നാലു ക്യാമറകള്‍, 128 ജിബി സ്റ്റോറേജ് സ്പേസ്, സെന്‍സറുകള്‍, 3,800 എംഎഎച്ച് ബാറ്ററി എന്നിവയും സാംസങ്ങ് ഗ്യാലക്സി എ 9 ന്റെ സവിശേഷതകളാണ്.

Exit mobile version