പണ്ട് തീ തുപ്പിയിരുന്ന ഡേവിഡ്‌സണ്‍ സമുദ്രാന്തര അഗ്നിപര്‍വ്വതം ഇപ്പോള്‍ നീരാളികളുടെ പ്രജനന കേന്ദ്രം

പണ്ട് തീ തുപ്പിക്കൊണ്ടിരുന്ന അഗ്നിപര്‍വ്വതമാണ് കാലിഫോര്‍ണിയയിലെ മോണ്‍ടറിയില്‍ നിന്ന് പടിഞ്ഞാറ് 120 കിലോമീറ്ററിലധികം അകലെ സ്ഥിതിചെയ്യുന്ന ഡേവിഡ്‌സണ്‍ സമുദ്രാന്തര അഗ്നിപര്‍വ്വതം. എന്നാല്‍ ഇപ്പോള്‍ ഈ അഗ്നിപര്‍വ്വതം നീരാളികളുടെ പ്രജനന കേന്ദ്രമാണ്.

വെള്ളത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പര്‍വതങ്ങളിലൊന്നാണിത്. എവറസ്റ്റ് പര്‍വതത്തിന്റെ കാല്‍ ഭാഗത്തോളം വലിപ്പമുള്ള ഈ പര്‍വതം സമുദ്രനിരപ്പില്‍ നിന്നും 4000 അടി താഴെയാണുള്ളത്. അത്യപൂര്‍വമായ കടല്‍ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന ഇവിടെ ഒരു പഴയ അഗ്‌നിപര്‍വതത്തിന് കീഴില്‍ കണ്ടുവരാത്ത അപൂര്‍വ്വമായൊരു പ്രതിഭാസമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഗവേഷകരെ അതിശയിപ്പിച്ചിരിക്കുന്നത് ആഴക്കടല്‍ നീരാളികളുടെ വലിയൊരു കൂട്ടമാണ്.

മുട്ടയിട്ട് പ്രത്യുത്പാദനം നടത്തുന്ന ജീവിയാണ് നീരാളി. സ്വന്തമായി മഷി ഉല്‍പാദിപ്പിക്കാത്ത ആയിരക്കണക്കിന് വരുന്ന മുസ്സോക്ടോപസുകളുടെ ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. മുട്ടകള്‍ക്ക് അടയിരിക്കുന്ന അമ്മനീരാളികളാണ് ഇവ. ഡേവിഡ്‌സണ്‍ സമുദ്ര പര്‍വതത്തിന് കീഴിലെ പാറയിടുക്കുകളിലാണ് ഇവ മുട്ടകളിട്ട് കാവലിരിക്കുന്നത്.

ഇവിടെ 1,000 ല്‍ അധികം നീരാളികള്‍ ഉണ്ടെന്നും ഇതാദ്യമായിരിക്കാം ഒരു സ്ഥലത്ത് ഇത്രയേറെ നീരാളികളെ കണ്ടെത്തുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ഇവ മുട്ടകളെ പൊതിഞ്ഞിരിക്കുന്നത് തല കീഴായാണ്. കൃത്യമായി പറഞ്ഞാല്‍, കാലുകളിലെ സ്പര്‍ശനികളും വായും പുറത്തേക്ക് കാണും വിധത്തില്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്.

നീരാളികള്‍ മുട്ടയിടുന്നതിനായി ഈ സ്ഥലം തെരഞ്ഞെടുത്തതിന് കാരണം കടലിനടിയില്‍ ഏറെ ശാന്തമായി നില്‍ക്കുന്നതും വെള്ളത്തിന് ഇളം ചൂടുള്ളതുമായിരിക്കണം. കൂടാതെ ഇവിടെയുള്ള കുമിളകളില്‍ ഓക്‌സിജന്‍ ലഭ്യത കൂടുതലുള്ളതും ദാതുലഭ്യതയുള്ളതും അവ ഇവിടെ തമ്പടിക്കാന്‍ കാരണമായിരിക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോണ്‍ടറി ബേ നാഷണല്‍ മറൈന്‍ സാങ്ച്വറിയുടെ ഭാഗമാണ് ഡേവിഡ്‌സണ്‍ സമുദ്ര പര്‍വതം. പവിഴപ്പുറ്റുകള്‍, ആഴക്കടല്‍ മത്സ്യങ്ങള്‍, ചെമ്മീന്‍ എന്നിവയുള്‍പ്പടെ വൈവിധ്യങ്ങളായ ആഴക്കടല്‍ ആവാസ വ്യവസ്ഥ നില്‍ക്കുന്ന ശാന്തമായ കടല്‍ അടിത്തട്ടാണ് ഡേവിഡ്‌സണ്‍ സമുദ്ര പര്‍വതത്തിനുള്ളത്.

Exit mobile version