14 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ ഒരു മെഡിക്കല്‍ മാലിന്യമായി കളയാന്‍ ഈ അമ്മയ്ക്കായില്ല..! കുഞ്ഞിനെ പുറത്തെടുത്തു; ചിത്രങ്ങള്‍ എടുത്തു; കരളലിയിക്കും ഈ അമ്മയുടെ കുറിപ്പ്

ഗര്‍ഭിണി ആയിരിക്കെ നടത്തിയ സോണോഗ്രാമിലാണ് കുഞ്ഞിന്റെ ഹൃദയം നിലച്ചത് ഷരണിന്റെ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. സാധാരണ ഒരമ്മയെ പോലെ ഷരണും കരഞ്ഞു. എന്നാല്‍ 14 ആഴ്ച മാത്രം പ്രായമുള്ള മിരാനെ ഉപേക്ഷിക്കാനായില്ല ഈ അമ്മയ്ക്ക് .ഒരു ഭ്രൂണമെന്ന് എന്റെ കുഞ്ഞിനെ നിങ്ങള്‍ വിളിക്കരുത്. അവന്‍ എനിക്ക് പ്രാണനേക്കാളും പ്രിയപ്പെട്ടവനാണ്. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് നാല്‍പതുകാരിയായ ഷരണ്‍ കുറിച്ച വാക്കുകളാണിത്.

മരിച്ച കുഞ്ഞിനെ ഡിആന്‍ഡ്‌സിയിലൂടെ പുറത്തെടുക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാല്‍ ഷരണ്‍ ഈ നിര്‍ദേശത്തെ അനുകൂലിച്ചില്ല. തന്റെ കുഞ്ഞ് വെറും മാംസക്കഷണങ്ങളായി പുറത്തെത്തുന്നതിനെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിച്ചില്ല. ഒടുവില്‍ മരുന്നുകുത്തിവെച്ച് സ്വാഭാവിക രീതിയില്‍ പ്രസവം നടത്തുകയായിരുന്നു. 14 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ ഒരു മെഡിക്കല്‍ മാലിന്യമായി കളയാനും ഷരണ്‍ ഒരുക്കമായിരുന്നില്ല. അവള്‍ ആ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നു.

‘ഒരാഴ്ചയോളം അവനെന്റെ കൂടെയുണ്ടായിരുന്നു. ഒരു സലീന്‍ സൊല്യൂഷന്‍ തയ്യാറാക്കി ഞാനവനെ അതിലേക്ക് കിടത്തി. പിന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. കേള്‍ക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്കറിയാം. പക്ഷെ എനിക്കവന്‍ നശിച്ചുപോകുന്നത് കാണാന്‍ സാധിക്കുമായിരുന്നില്ല. വയറ്റിലുള്ള ഗര്‍ഭസ്ഥശിശുവിന്റെ ചിത്രങ്ങള്‍ നിരവധി മാസികകളില്‍ നിങ്ങള്‍ കണ്ടിരിക്കും. ഞാനും കണ്ടിട്ടുണ്ട്, പക്ഷേ യാഥാര്‍ഥ്യം അതല്ലെന്ന് എനിക്ക് മനസ്സിലായി. അവനെ നോക്കുമ്പോള്‍ അവനെ എന്റെ കൈകളില്‍ പിടിക്കുമ്പോള്‍, പൂര്‍ണരൂപത്തിലെത്തിയ അവന്റെ ശരീരം കണ്ടപ്പോള്‍ എല്ലാം എനിക്ക് വല്ലാത്ത അത്ഭുതമായിരുന്നു. അവന്റെ ചെവിയും നാക്കും ചുണ്ടുകളുമെല്ലാം എത്ര തികഞ്ഞതാണ്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായില്ല.’

ആ കുഞ്ഞിന് ഷരണ്‍ മിരാന്‍ എന്ന് പേരിട്ടു. മിരാനെ കൈയില്‍ സൂക്ഷിച്ച ഒരാഴ്ച അവനെ കുറിച്ച് പഠിക്കുകയായിരുന്നു ഷരണ്‍, അവന്റെ കുഞ്ഞിക്കാലിന്റെയും കൈകളുടെയും ചിത്രമെടുത്തു, കൈരേഖകള്‍ എടുത്തു. ഒരാഴ്ചക്ക് ശേഷം ഒരു ഫ്യൂണറല്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മിരാനെ പൂന്തോട്ടത്തില്‍ അടക്കം ചെയ്തു. കുഞ്ഞ് ജനിക്കേണ്ടിയിരുന്ന ദിവസം മിരാന്റെ ചിത്രങ്ങളുമായി തന്റെ കഥ ഷരണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഗര്‍ഭമലസിപ്പിക്കുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനാണ് ഇപ്രകാരം ചെയ്തത് എന്ന് ഷരണ്‍ പറയുന്നു. അബോര്‍ഷന്‍ എന്ന ഒരു തീരുമാനത്തിലേക്കെത്തുന്നവരെ രണ്ടാമതൊരു ആലോചനയ്ക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ.

Exit mobile version