മക്കളോട് എല്ലാം തുറന്ന് പറയണം..! ബോക്‌സിങ് താരമായിട്ടും അമ്മ പീഡിപ്പിക്കപ്പെട്ടു; ആണ്‍മക്കള്‍ക്ക് മേരികോമിന്റെ തുറന്ന കത്ത്

മക്കളെ നോക്കി വീട്ടിലെ പണികള്‍ ചെയ്തു ഒപ്പം തന്റെ കര്‍ത്തവ്യവും നിറവേറ്റി, അവള്‍ ഇന്ന് ലോകത്തിന്റെ വിജയ പാഥയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തി. സ്ത്രീകള്‍ക്ക് മാതൃകയാണ് മുപ്പത്തിയഞ്ചുകാരി മേരികോം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം കിരീടം സ്വന്തമാക്കിയ മൂന്ന് ആണ്‍കുട്ടികളുടെ അമ്മ.

കായികതാരമെന്ന നിലയിലും അമ്മയെന്ന നിലയിലും ഒരു പാഠപുസ്തകമാണ് മേരിയുടെ ജീവിതം. ഒരു വര്‍ഷം മുമ്പ് തന്റെ ആണ്‍മക്കള്‍ക്കെഴുതിയ തുറന്ന കത്ത് മാത്രം മതി മേരി കോം എന്ന അമ്മയെ മനസ്സിലാക്കാന്‍, പഠിക്കാന്‍. തന്റെ മക്കളോട് എന്തും തുറന്ന് പറയാന്‍ മാതാവ് തയ്യാറാകണം എന്നും ഈ കത്തിലൂടെ മേരി പറയുന്നു. 17മത്തെ വയസില്‍ താനിക്ക് ഉണ്ടായ ദുരനുഭവം അവള്‍ മക്കളോട് തുറന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ എന്നെ സപര്‍ശിച്ച് ഓടി പോകുമ്പോഴും അയാളെ തല്ലാന്‍ കഴിഞ്ഞില്ല. പഠിച്ച കരാട്ടയും പ്രയോഗിക്കാനായില്ല. അരിശം തോന്നിയെന്നും കത്തില്‍ പറയുന്നു.

വൈറലായി മേരികോം എന്ന അമ്മയുടെ കത്ത്….

‘എന്റെ ആണ്‍മക്കള്‍ക്ക്,

നമുക്ക് പീഡനത്തെക്കുറിച്ച് സംസാരിക്കാം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കാം. ഓരോ ദിവസവും എത്രയെത്ര സ്ത്രീകളാണ് അപമാനിക്കപ്പെടുന്നത്, പീഡിപ്പിക്കപ്പെടുന്നത്. എന്റെ മൂത്ത മകന് ഒന്‍പത് വയസ്സും ഇളയമകന് മൂന്ന് വയസ്സും മാത്രമാണ് പ്രായം. പക്ഷേ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിക്കാന്‍ പറ്റിയ പ്രായം ഇതുതന്നെ. നിങ്ങളുടെ അമ്മയും ലൈംഗികാക്രമണത്തിന് ഇരയായിട്ടുണ്ട്. ആദ്യം മണിപ്പൂരില്‍ വെച്ച്, പിന്നെ കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയപ്പോള്‍ ഹരിയാനയിലെ ഹിസ്സാറില്‍ വെച്ച്. ജീവിതത്തിലൂടനീളം ബോക്‌സിങ് റിങ്ങിലിറങ്ങിയിട്ടുള്ള ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നുപറയുന്നത് വളരെ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.

പുലര്‍ച്ചെ എട്ടരയോടെ സൈക്കിള്‍ റിക്ഷയില്‍ ട്രെയിനിങ് ക്യാമ്പിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. പെട്ടന്നാണ് ഒരാള്‍ എന്നെ കയറിപ്പിടിച്ചത്. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചു. വല്ലാതെ ദേഷ്യം തോന്നി എനിക്ക്. റിക്ഷയില്‍ നിന്ന് ചാടിയിറങ്ങിയ ഞാന്‍ കൈയില്‍ ചെരുപ്പുമായി അയാളുടെ പിറകെ ഓടി. പക്ഷേ അയാള്‍ രക്ഷപെട്ടു. അയാളെ പിടികൂടാന്‍ കഴിയാത്തതിലും ഞാന്‍ പഠിച്ച കരാട്ടെ ആ നിമിഷം എനിക്ക് പ്രയോഗിക്കാന്‍ കഴിയാത്തതിലും എനിക്ക് അരിശം തോന്നി. അന്നെനിക്ക് പതിനേഴ് വയസ്സ്, ഇന്നെനിക്ക് 33. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടി എന്നതില്‍ മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയിലും ബഹുമാനിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ സ്ത്രീകള്‍ എത്ര ഉയരങ്ങള്‍ കീഴടക്കിയാലും, ചിലര്‍ക്ക്് നാം വെറും ശരീരങ്ങള്‍ മാത്രമാണ്.

മക്കളെ, നിങ്ങള്‍ മനസ്സിലാക്കുക, നിങ്ങളെപ്പോലെ ഞങ്ങള്‍ സ്ത്രീകള്‍ക്കും രണ്ട് കണ്ണുകളും ഒരു മൂക്കുമാണുള്ളത്. എന്നാല്‍ ചില ശരീരാവയവങ്ങള്‍ വ്യത്യസ്തമാണ്. അത് മാത്രമാണ് നമ്മെ വ്യത്യസ്തരാക്കുന്നത്. ഞങ്ങളും തലച്ചോറുപയോഗിച്ച് ചിന്തിക്കുന്നു, വികാരങ്ങള്‍ മനസ്സിലാക്കുന്ന ഹൃദയമാണ് ഞങ്ങളുടേത്. ഞങ്ങളുടെ ഹൃദയവും. മാറിടത്തിലോ നിതംബത്തിലോ സ്പര്‍ശിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇത്തരം സ്പര്‍ശനങ്ങളായിരുന്നു ഡല്‍ഹിയിലും ഹിസാറിലും വച്ച് ഞങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. സമ്മതമില്ലാതെ ശരീരത്ത് സ്പര്‍ശിക്കുന്നതിലൂടെ പുരുഷന്മാര്‍ക്ക് എന്താനന്ദമാണ് ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീകളെ അപമാനിക്കുന്നതും അവര്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമവും കടുത്തശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് അറിഞ്ഞു വേണം നിങ്ങള്‍ വളരാന്‍. എപ്പോഴെങ്കിലും ഒരു സ്ത്രീ അപമാനിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവളെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കണം.

മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത സമൂഹമാണ് നമ്മുടേത് എന്നത് എന്നെ സങ്കടപ്പെടുത്തുന്നു. കഴിഞ്ഞദിവസമാണ് രാജ്യതലസ്ഥാനത്തു വച്ച് കത്തിക്കുത്തേറ്റ് ഒരു പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. അവളെ സഹായിക്കാന്‍ പലര്‍ക്കും സാധിക്കുമായിരുന്നു. പക്ഷെ ആരും അതിനു മുന്നിട്ടിറങ്ങിയില്ല. ബഹുമാനവും തുല്യതയുമൊക്കെ പഠിപ്പിക്കുന്ന ഒരു വീട്ടിലാണ് നിങ്ങള്‍ വളരുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അച്ഛന്‍മാരെപ്പോലെ നിങ്ങളുടെ അച്ഛന്‍ രാവിലെ പോയി വൈകീട്ട് വരുന്ന ജോലിയല്ല ചെയ്യുന്നത്. കാരണം ഞങ്ങളിലൊരാളെങ്കിലും നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ഉണ്ടാകണം. പരിശീലനത്തിന് പുറമെ എംപി കൂടി ആയതില്‍പ്പിന്നെ എനിക്ക് വളരെ കുറച്ച് സമയം മാത്രമെ വീട്ടില്‍ ചിലവഴിക്കാന്‍ പറ്റൂ. എനിക്കും നിങ്ങള്‍ക്കുവേണ്ടി സമയം മാറ്റിവെക്കുന്ന ഭര്‍ത്താവിനെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. ‘വീട്ടച്ഛന്‍’ എന്ന വാക്ക് അധികം വൈകാതെ നിങ്ങള്‍ കേള്‍ക്കും, അതൊരു മോശം വാക്കല്ലെന്ന് ഓര്‍ക്കുക. എന്റെ കരുത്താണയാള്‍, എന്റെ പങ്കാളി, എന്റെ ഓരോ ചുവടിലും ഒപ്പമുണ്ടയാള്‍.

ഇനി ചിലപ്പോള്‍ നമ്മളൊരുമിച്ചു നടക്കുകയാണെന്നിരിക്കട്ടെ. എന്നെ ചിലപ്പോള്‍ ആരെങ്കിലും ചിങ്കി (ചീനക്കാരി )എന്നു വിളിച്ചേക്കാം. ആ വിളി തെറ്റാണ്. വംശീയമായ അധിക്ഷേപമാണ് അത്. കാരണം ഞാന്‍ ഇന്ത്യക്കാരിയാണ്. വളര്‍ന്നു വരുന്ന ഇന്ത്യന്‍ പൗരന്മാരാണ് നിങ്ങള്‍. സംഘര്‍ഷത്തിന്റെ പിടിയില്‍നിന്ന് ഇതുവരെ മോചിതമാകാത്ത സംസ്ഥാനമാണ് നമ്മുടെത്. ആക്രമണങ്ങളില്‍നിന്നു നിങ്ങളെ സംരക്ഷിക്കാന്‍ എനിക്കു സാധിക്കും. ഭയത്തില്‍നിന്നു പുറത്തുവരാന്‍ നിങ്ങളെ സഹായിക്കാനും എനിക്കു കഴിയും. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെന്ന നിലയില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാഴ്ചയ്ക്ക് എങ്ങനെ ഇരിക്കുന്നു എന്നതിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും പെണ്‍കുട്ടികള്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാറുണ്ട്.

ഈ രാജ്യമാണ് എനിക്കു പേരും പ്രശസ്തിയും തന്നത്. ധോണിയെ പോലയോ കോലിയെ പോലെയോ കാണുന്ന ഉടനെ എല്ലാവരും എന്നെ തിരിച്ചറിയണമെന്നില്ല. എന്നു കരുതി ചൈനക്കാരി എന്നു വിളിക്കാന്‍ പാടില്ല. ഒരിക്കല്‍ ഒരാള്‍ എന്നോട് ചൈനീസില്‍ സംസാരിക്കാന്‍ ശ്രമിച്ചു. നല്ല ഹിന്ദിയില്‍ മറുപടി നല്‍കിയാണ് ഞാന്‍ അയാളെ തിരിച്ചയച്ചത്. രാജ്യസഭയിലെ അംഗമാകാന്‍ സാധിച്ചു എന്നതില്‍ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. കാരണം സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഈ പദവി എനിക്ക് അവസരം തരുന്നു. ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തേണ്ട അവസരമാണിത്.

സ്ത്രീകളോട് ബഹുമാനപൂര്‍വം പെരുമാറണമെന്ന് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരു അമ്മ എന്ന നിലയില്‍ എന്റെ ചുമതലയാണ്. സ്ത്രീക്കാണ് അവളുടെ ശരീരത്തിന്റെ മുകളില്‍ പരമാധികാരം ഉള്ളത്. വേണ്ട എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ അവളുടെ അഭിപ്രായത്തെ മാനിക്കണം. വേണ്ട എന്നു പറഞ്ഞതിനെ കാരണമാക്കി അവള്‍ക്കു നേരെ കത്തിയുമായി ചെല്ലരുത്. ബലാല്‍സംഗത്തിനും സെക്‌സിനും തമ്മില്‍ യാതൊരു ബന്ധവുമില്ല. അധികാരവും പ്രതികാരവും കലര്‍ന്ന വികാരമാണ് ബലാല്‍സംഗത്തിന്റെത്. എന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അടിച്ചു വീഴ്ത്താന്‍ എനിക്കു സാധിക്കും. എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചുവെന്ന സംതൃപ്തി മാത്രമേ അപ്പോള്‍ എനിക്കു ലഭിക്കുകയുള്ളു.

പക്ഷെ അതു കൊണ്ടു മാത്രമായില്ലല്ലോ കാര്യങ്ങള്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായും ബഹുമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിയ്ക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം.

എന്ന് അമ്മ.

ഇടിക്കൂട്ടിലെ പെണ്‍കരുത്ത് തന്റെ ജൈത്രയാത്ര തുടരുന്നു. എ ബിഗ് സല്യൂട്ട്…

Exit mobile version