ഓസീസിനെതിരായ മത്സരം: ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് രവി ശാസ്ത്രി

കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി സൂചന നല്‍കിയത്

ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയാകും ഇന്ത്യയുടെ ലക്ഷ്യം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നാട്ടില്‍ തന്നെയാണ് പരമ്പര നടക്കുന്നത്. എന്നാല്‍ ഓസീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ താരങ്ങളില്‍ ചിലര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് പരിശീലകന്‍ രവിശാസ്ത്രി സൂചന നല്‍കുന്നത്. കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി സൂചന നല്‍കിയത്.

തുടര്‍ച്ചയായ മത്സരങ്ങള്‍ക്കിറങ്ങുന്ന ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണെന്ന് പറഞ്ഞ രവി ശാസ്ത്രി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘ ഷമി ദൈര്‍ഘ്യമേറിയ സീസണാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്. ഷമിയെപ്പോലെ തന്നെ ശിഖാര്‍ ധവാനും, രോഹിത് ശര്‍മ്മയ്ക്കും വിശ്രമം ആവശ്യമാണ്.’ ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞുനിര്‍ത്തി.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി വിശ്രമമില്ലാതെ കളിക്കുകയാണ് രോഹിത് ശര്‍മ്മയും, ശിഖാര്‍ ധവാനും. 2019 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ട ചുമതലയുള്ള ഇരുവര്‍ക്കും ലോകകപ്പിന് മുന്‍പ് വിശ്രമം നല്‍കേണ്ടത് അനിവാര്യമാണ്. ഇരുവര്‍ക്കും ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ലോകകപ്പിലേക്കുള്ള ടീമിന്റെ റിസര്‍വ്വ് ഓപ്പണറേയും ഈ പരമ്പരയുടെ അടിസ്ഥാനത്തില്‍ കണ്ടെത്താമെന്നും ശാസ്ത്രി പറയുന്നു.

Exit mobile version