ഏറെ മാറ്റങ്ങളോടെ 62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള; ഇനി മത്സരയിനത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സും

കോട്ടയം: മത്സരഘടനയില്‍ ഏറെ മാറ്റങ്ങളോടെയാണ് 62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുക. ഇത്തവണത്തെ പ്രധാനമാറ്റം ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തിയതാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം ഒഴിവാക്കുകയും സീനിയര്‍ ആണ്‍കുട്ടികളുടെ 5000 ഓട്ടം 3000 മീറ്ററാക്കി കുറയ്ക്കുകയും ചെയ്തു.

മാറ്റങ്ങള്‍ നടപ്പാക്കുന്നത് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്. ഹര്‍ഡില്‍സ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നീയിനങ്ങളിലെ മാനദണ്ഡങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് 110 മീറ്ററാക്കി. സബ്ജൂനിയര്‍ ആണ്‍പെണ്‍ വിഭാഗങ്ങളിലെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഹര്‍ഡിലിന്റെ ഉയരം 76.2 സെന്റീമീറ്ററായിരിക്കും. സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരം 100 മീറ്ററാണ്. ഇതില്‍ ഹര്‍ഡിലിന്റെ ഉയരം 76.2 സെന്റീമീറ്ററായിരിക്കും. സീനിയര്‍ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉയരം 91.4 സെന്റീമീറ്ററും ഇതേവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉയരം 83.8 സെന്റീമീറ്ററുമായിരിക്കും.

ഷോട്ടിന്റെ തൂക്കത്തിലും മാറ്റം വരുത്തി. സീനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ചുകിലോയും ഇതേവിഭാഗം പെണ്‍കുട്ടികള്‍ക്ക് മൂന്നുകിലോയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ക്ക് നാലുകിലോയും സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ക്ക് മൂന്നുകിലോയും ഉപയോഗിക്കാം.

സീനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഡിസ്‌കിന്റെ ഭാരം 1.5 കിലോ കിലോയായിരിക്കും. സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍ക്കും സബ് ജൂനിയര്‍ വിഭാഗങ്ങളിലും ഒരുകിലോ തൂക്കമുള്ള ഡിസ്‌ക് ഉപയോഗിക്കണം. ഹാമറില്‍ ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികള്‍ക്ക് അഞ്ചുകിലോയും ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികള്‍ക്ക് മൂന്നുകിലോയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്രോസ് കണ്‍ട്രിയില്‍ പുതുക്കിയ ദൂരം സീനിയര്‍ ആണ്‍കുട്ടികള്‍ക്ക് ആറുകിലോമീറ്ററും സീനിയര്‍ പെണ്‍കുട്ടികള്‍ക്ക് നാലുകിലോമീറ്ററുമാണ്. നേരത്തേ ഇത് യഥാക്രമം അഞ്ചുകിലോമീറ്ററും മൂന്നു കിലോമീറ്ററുമായിരുന്നു. സീനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ജാവലിന്റെ ഭാരം 800 ഗ്രാമില്‍നിന്ന് 700 ആയി കുറച്ചു. പെണ്‍കുട്ടികളുടെ ജാവലിന്‍ ഭാരം 600 ഗ്രാമില്‍നിന്ന് 500 ആക്കിയിട്ടുണ്ട്.

Exit mobile version