ലോകത്തിന്റെ നെറുകയില്‍ മേരി കോം; ഇന്റര്‍ നാഷണല്‍ ബോക്‌സിങ്ങ് റാങ്കില്‍ മേരി കോം ഒന്നാമത്

മേരിയെ കൂടാതെ ഇന്ത്യക്കാരിയായ പിങ്കി ജഗ്ര 51 കിലോഗ്രാം വിഭാഗത്തില്‍ എട്ടാം സ്ഥാനത്തുണ്ട്

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ നേട്ടത്തോടെ ഇന്ത്യന്‍ വനിത താരം മേരികോം ഇന്റര്‍നാഷ്ണല്‍ ബോക്സിങ്ങ് അസോസിയേഷന്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി. പുതിയ റാങ്കിങ്ങ് പ്രകാരം 48 കിലോഗ്രാം വിഭാഗത്തില്‍ 1700 പോയിന്റുകളോടെയാണ് മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

എന്നാല്‍ 2020ലെ ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ ഇനിയും മേരിക്ക് കടമ്പകളുണ്ട്. 28 കിലോഗ്രാം ഒളിമ്പിക്സിലില്ലാത്തതിനാല്‍ 51 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയായിരിക്കും മേരി ഒളിമ്പിക്സില്‍ പങ്കെടുക്കുക. ഇതിനായിട്ടുള്ള പരിശീലനത്തിലാണ് താരമിപ്പോള്‍.

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മേരി കോം ടൂര്‍ണമെന്റ് ചരിത്രത്തിലെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരി കോം സ്വര്‍ണം നേടിയിരുന്നു.

മേരിയെ കൂടാതെ ഇന്ത്യക്കാരിയായ പിങ്കി ജഗ്ര 51 കിലോഗ്രാം വിഭാഗത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ കഴിയാതിരുന്ന സോണിയ ലാദര്‍ 57 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

64 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് വിജയിച്ച സിമ്രന്‍ജിത്ത് കൗര്‍ തന്റെ വിഭാഗത്തില്‍ നാലാം സ്ഥാനത്തും മുന്‍ ലോക ചാമ്പ്യനായ എല്‍ സരിതാ ദേവി പതിനാറാം സ്ഥാനത്തുമുണ്ട്. പുരുഷന്മാരുടെ റാങ്ക് ലിസ്റ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Exit mobile version