വാക്‌സീന്‍ എടുക്കാതെ ഓപ്പണ്‍ കളിക്കാനെത്തി : ജോക്കോവിച്ചിനെ തിരികെ പറഞ്ഞയച്ച് ഓസ്‌ട്രേലിയ

മെല്‍ബണ്‍ : വാക്‌സീന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ താരത്തെ മതിയായ രേഖകളില്ലെന്ന കാരണത്താല്‍ അധികൃതര്‍ തടഞ്ഞുനിര്‍ത്തുകയും രാജ്യത്ത് പ്രവേശിക്കാനാകില്ലെന്ന് അറിയിക്കുകയുമായിരുന്നു.

വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ അധികൃതര്‍ ഇളവ് അനുവദിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാല്‍ മെല്‍ബണില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.

ഓപ്പണ്‍ നടക്കുന്ന വിക്ടോറിയ സ്‌റ്റേറ്റ് താരത്തിന് ഇളവ് അനുവദിച്ച് നല്‍കിയിരുന്നെങ്കിലും വിമാനത്താവളത്തിലെ ബോര്‍ഡര്‍ ഫോഴ്‌സ് മതിയായ രേഖകളില്ലെന്ന് കാട്ടി താരത്തെയും സംഘത്തെയും തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ ഇന്ന് തന്നെ സെര്‍ബിയയിലേക്ക് പറഞ്ഞയയ്ക്കുമെന്നാണ് വിവരം.

താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെര്‍ബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണില്‍ സംസാരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് രാജ്യം മുഴുവന്‍ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നടപടിയ്‌ക്കെതിരെ താരം അപ്പീല്‍ നല്‍കിയേക്കും.

അതേസമയം ജോക്കോയ്ക്ക് പ്രത്യേക പരിഗണന ഒന്നും നല്‍കിയിട്ടില്ലെന്നും കൃത്യമായ കാരണമില്ലാതെ ആര്‍ക്കും ഇളവ് നല്‍കില്ലെന്നുമാണ് ടൂര്‍ണമെന്റ് മേധാവിയുടെ പ്രതികരണം. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഓസ്‌ട്രേലിയ.വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാകും വരെ വിമാനത്താവളത്തിലെ പ്രത്യേക മുറിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു ജോക്കോവിച്ച്.

Exit mobile version