ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് : ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവെച്ചു

BCCI | Bignewslive

ന്യൂഡല്‍ഹി : ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ-ശ്രീലങ്ക പരമ്പര അഞ്ച് ദിവസം നീട്ടിവെച്ചു. ഈ മാസം 13ന് തുടങ്ങാനിരുന്ന പരമ്പര 18നേ തുടങ്ങൂ എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ശ്രീലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍, ഡാറ്റാ അനലിസ്റ്റ് ജി.ടി നിരോഷന്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പരമ്പര നീട്ടിയത്. വ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വേരിയന്റാണ് ഇരുവരിലും കണ്ടെത്തിയിരിക്കുന്നത്. ശനിയാഴ്ച പരമ്പരയിലുള്ള മറ്റൊരു ബാറ്റ്‌സ്മാനും കോവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നേരത്തേ ഇംഗ്ലണ്ടില്‍ നടന്ന പര്യടനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ടീമിലെ മറ്റ് അംഗങ്ങളുടെ ക്വാറന്റീന്‍ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 17ന് പരമ്പര തുടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് തീയതിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്.മൂന്ന് ഏകദിനങ്ങളും 3 ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.ട്വന്റി20 പരമ്പരയിലെ ആദ്യ കളി 25ന് നടക്കും.

Exit mobile version