ഓസ്‌ട്രേലിയന്‍ ട്വന്റി-ട്വന്റിയില്‍ പുതിയ പരീക്ഷണം; ടോസിടാന്‍ ഇനി മുതല്‍ നാണയത്തിനു പകരം ബാറ്റ്

ബീച്ച് ക്രിക്കറ്റിലാണ് ടോസിടാന്‍ വേണ്ടി ബാറ്റു ഉപയോഗിച്ചിരുന്നത്

ക്രിക്കറ്റില്‍ ടോസിടാന്‍ നാണയങ്ങള്‍ക്ക് പകരം പുതിയ പരീക്ഷണം. ഓസ്‌ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്. ബീച്ച് ക്രിക്കറ്റിലാണ് ടോസിടാന്‍ വേണ്ടി ബാറ്റു ഉപയോഗിച്ചിരുന്നത്. ബീച്ച് ക്രിക്കറ്റില്‍ കളിക്കുന്ന ബാറ്റ് തന്നെയാണ് ടോസിടാനും ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ബിഗ് ബാഷില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് ടോസിനായി ഉപയോഗിക്കുന്നത്. നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗമോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുക.

ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യ സാധ്യത നല്‍കുന്ന രീതിയിലാണ് ബാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം 19 നാണ് ബാറ്റ് കൊണ്ടുള്ള ടോസിന്റെ ആദ്യ പരീക്ഷണം. ബ്രിസ്‌ബേന്‍ ഹീറ്റിന്റെ നായകനായ ക്രിസ് ലിന്നായിരിക്കും ബാറ്റു കൊണ്ടുള്ള ആദ്യ ടോസിടുന്ന നായകന്‍.

നാണയമുപയോഗിച്ചുള്ള ടോസ് രീതി പരിഷ്‌കരിക്കണമെന്ന് നേരത്തെ ഐസിസി ആലോചിച്ചിരുന്നു. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കാതിരിക്കാനായി എതിര്‍ ടീമിന് ബാറ്റിംഗോ ബൗളിംഗോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന രീതിയായിരുന്നു ഐസിസിയുടെ ചര്‍ച്ചയിലുണ്ടായിരുന്നത്.

Exit mobile version