‘ബോള്‍ ചെയ്യുന്നത് ആരായാലും ആത്മവിശ്വാസത്തോടെ കളിക്കാന്‍ പഠിക്കണം’ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണയും പരിശീലനവും പറഞ്ഞ് ദേവദത്ത്

പൊന്നാനി: ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം മറ്റാരുമല്ല, ഐപിഎല്ലില്‍ കന്നിമത്സരത്തില്‍ അര്‍ധസെഞ്ച്വറി അടിച്ച എടപ്പാളിന്റെ സ്വന്തം കളിക്കാരന്‍ ദേവദത്ത് പടിക്കലാണ്. ദുബായിയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്താണ് മിന്നുന്ന പ്രകടനം ദേവദത്ത് കാഴ്ച വെച്ചത്.

അരങ്ങേറ്റം തന്നെ ആവേശകരമാക്കിയ ദേവദത്തിന് നിരവധി പേര്‍ അഭിനന്ദനങ്ങളും ആശംസകളും നല്‍കി രംഗത്ത് വന്നിരുന്നു. 42 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഈ ഇടങ്കയ്യന്‍ ഓപ്പണര്‍ ലോകോത്തര ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ലോകക്രിക്കറ്റിന്റെ ശ്രദ്ധ നേടിയത്. എടപ്പാളില്‍ പടിക്കല്‍ അമ്പിളിയുടെയും പാലക്കാട് സ്വദേശി ബാബിനുവിന്റേയും മകനാണ് 20 കാരന്‍ ദേവദത്ത്.

ഇപ്പോള്‍ തനിക്ക് ലഭിച്ച പരിശീലനവും ആത്മവിശ്വാസം പകര്‍ന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെന്ന് ദേവദത്ത് പറയുന്നു. ബോള്‍ചെയ്യുന്നത് ആരായാലും ആത്മവിശ്വാസത്തോടെ കളിക്കാന്‍ പഠിക്കണം എന്ന ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഉപദേശം ഏറെ ഗുണംചെയ്തുവെന്നും ദേവ് പറയുന്നു. കോഹ്‌ലിയുമായി ഒരുമിച്ച് പരിശീലിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചെവി താന്‍ തിന്നുകയായിരുന്നു എന്നും ദേവ് തമാശ രൂപേണ പ്രതികരിച്ചു. ബാറ്റിങ്ങിലുള്ള സംശയങ്ങളും ബോളര്‍മാരുടെ രീതികളും പിച്ചിനെക്കുറിച്ചുള്ള വിലയിരുത്തലും എല്ലാം കോഹ്‌ലി പങ്കുവെച്ചതായും ദേവ്ദത്ത് കൂട്ടിച്ചേര്‍ത്തു.

ഒന്‍പതാംവയസുമുതലാണ് ദേവ് ക്രിക്കറ്റ് പരിശീലനം ഗൗരവത്തിലെടുത്ത് തുടങ്ങിയത്. പിതാവ് ഡിആര്‍ഡിഒ ഉദ്യോഗസ്ഥനാണ്. അമ്മ അമ്പിളി ന്യൂസീലന്‍ഡ് എംബസിയില്‍ വീസ കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ്. അക്കാദമിയില്‍ പരിശീലനം തുടങ്ങിയ ദേവ് അധികംവൈകാതെ അണ്ടര്‍ 14 കര്‍ണാടക ടീമിലെത്തി, പിന്നാലെ കര്‍ണാടക പ്രീമയര്‍ ലീഗിലെ ബല്ലാരി ടസ്‌കേഴ്‌സ് ടീമിലെത്തി. 2017ല്‍ കെപിഎല്ലില്‍ 53പന്തില്‍ നിന്ന് നേടിയ 72റണ്‍സോടെ ദേവിന്റെ രാശിയാണ് തെളിഞ്ഞത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ നേടിയ 609റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയ 580റണ്‍സും പയ്യനെ ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇന്ത്യ എ ടീമിലും എത്തിച്ചു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബ്രോഡ്കാസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൈക്ക് ഹസണ്‍ പിന്നീട് റോയല്‍ ചലഞ്ചേഴിസിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായി എത്തിയതോടെ ദേവ്ദത്തിന് ആര്‍സിബിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കി.

51 ദിവസം നീണ്ടു നില്‍ക്കുന്ന ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ വെച്ച് നടക്കുമ്പോള്‍ നേരിട്ട് ഗാലറിയില്‍ എത്താന്‍ കഴിയില്ലെങ്കിലും സ്വന്തം നാട്ടുകാരന്റെ ഗംഭീര പ്രകടനത്തിന്റെ ആവേശത്തിലാണ് എടപ്പാളുകാരും.

Exit mobile version