വളഞ്ഞു പുളഞ്ഞ് വലയില്‍ എത്തിയ സലയുടെ ആ കോര്‍ണര്‍ കിക്ക്; അമ്പരന്ന് കാണികളും സഹതാരങ്ങളും

കയ്‌റോ: കാണികളേയും സഹതാരങ്ങളേയും അമ്പരപ്പിച്ച ഗോള്‍ നേടി ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സല. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു സലയുടെ ഈ മനോഹര ഗോള്‍. സ്വാസിലന്‍ഡിനെതിരായ മത്സരത്തിലാണ് ഒരു കോര്‍ണര്‍ കിക്ക് സല വലയിലെത്തിച്ചത്. മത്സരത്തില്‍ 4-1ന് ഈജിപ്ത് വിജയിക്കുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഈജിപ്തിന് അനുകൂലമായി ലഭിച്ച കോര്‍ണറാണ് വളഞ്ഞുതിരിഞ്ഞ് പോസ്റ്റിന്റെ മൂലയില്‍ എത്തിച്ചത്. നിരവധി പേരാണ് സലായുടെ ഈ അദ്ഭുത ഗോളിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ ലിവര്‍പൂള്‍ താരത്തിന്റെ 13ാം ഗോളായിരുന്നു അത്. ഇതുവരെ ഇത്രയും ഗോളുകള്‍ ഒരു ഈജിപ്ഷ്യന്‍ താരം നേടിയിട്ടില്ല. ഈജിപ്ത് ജഴ്‌സിയില്‍ 40ാം ഗോളും നേടിയ സലാ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ ആഫ്രിക്കന്‍ താരവുമായി മാറി.

പിന്നീട് 88ാം മിനിറ്റില്‍ സലായുടെ കാലിന് പരിക്കേറ്റു. മുടന്തിക്കൊണ്ട് ഗ്രൗണ്ട് വിട്ട സല പിന്നീട് തിരിച്ചുവന്നു. എങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റില്‍ വേദന സഹിക്കാനാകാതെ സല വീണ്ടും സൈഡ് ബെഞ്ചിലേക്ക് മാറി. നേരത്തെ തന്നെ മൂന്ന് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ സലയ്ക്ക് പകരം മറ്റൊരു താരത്തെ ഗ്രൗണ്ടിലിറക്കാനുമായില്ല. ഇതോടെ പത്ത് പേരുമായാണ് ഈജിപ്ത് കളിച്ചത്.

Exit mobile version