ആരാധകന്റെ ഉപദേശത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്ത് ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം പോപ്പേട്ടന്‍

'ഓകെ കോച്ച്' എന്നായിരുന്നു ഇതിനുള്ള പോപ്ലാറ്റ്‌നികിന്റെ രസകരമായ മറുപടി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ തുറുപ്പുചീട്ടാണ് സ്ലൊവാനിയന്‍ താരം മതേജ് പോപ്ലാറ്റ്‌നിക്. ഈ താരം ആദ്യ കളിയിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറി. പേരു പറയാനുള്ള വിഷമം കൊണ്ട് താരത്തിന് ആരാധകര്‍ ഒരു പുതിയ വിളിപ്പേരിട്ടിട്ടുണ്ട്. പോപ്പേട്ടന്‍. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം തന്നെ പോപ്ലാറ്റ്‌നിക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് രസകരമായ മറുപടി നല്‍കുന്നതിലും മിടുക്കനാണ്.

കഴിഞ്ഞ ദിവസം സ്ലൊവാനിയ എപ്പോഴും മനസ്സിലുണ്ടാകുമെന്ന കുറിപ്പോടെ പോപ്ലാറ്റ്‌നിക് ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ താരത്തിന് ഉപദേശവുമായി ഒരു ആരാധകന്റെ കമന്റ് വന്നു. ഫസ്റ്റ് ടച്ച് മെച്ചപ്പെടുത്തണമെന്നായിരുന്നു ആരാധകന്റെ ഉപദേശം. ‘ഓകെ കോച്ച്’ എന്നായിരുന്നു ഇതിനുള്ള പോപ്ലാറ്റ്‌നികിന്റെ രസകരമായ മറുപടി.

താരത്തിന്റെ ഈ ഉരുളക്കുപ്പേരി പോലെയുള്ള മറുപടി കണ്ട് താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ഈ സീസണില്‍ ബ്ലാസ്റ്റേ്‌ഴ്‌സിന്റെ ആദ്യ ഗോളിനുടമയായിരുന്നു പോപ്ലാറ്റ്‌നിക്.

Exit mobile version