ആ ഗോളിന് യുണൈറ്റഡ് നല്‍കേണ്ടിവന്നത് വലിയ വില; ആന്റണി മാര്‍ഷ്യല്‍ നേടിയത് 75 കോടി

ആന്റണി മാര്‍ഷ്യലിനെ എഎസ് മൊണാക്കോയില്‍നിന്ന് ടീമിലെടുക്കുമ്പോളുള്ള കരാര്‍നിബന്ധനയാണ് ആ ഗോളിന്റെ വില ഇത്രയധികം കൂട്ടിയത്

ലണ്ടന്‍: ത്രില്ലിങ് വിജയമായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റേത്. ഇതിന് നിര്‍ണായകമായിരുന്നു ആന്റണി മാര്‍ഷ്യലിന്റെ ഗോള്‍. ടീം സമനിലപിടിച്ചത് 76ാം മിനിറ്റില്‍ ഫ്രഞ്ച് താരം നേടിയ ഈ ഗോളിലാണ്. തുടര്‍ന്ന് അലക്‌സിസ് സാഞ്ചസിന്റെ ഗോളില്‍ ജയവും നേടി. എന്നാല്‍ മാര്‍ഷ്യലിന്റെ ഈ ഗോളിന് യുണൈറ്റഡ് നല്‍കേണ്ടിവന്നത് കൃത്യമായി പറഞ്ഞാല്‍ 75.17 കോടി രൂപയാണ്.

ആന്റണി മാര്‍ഷ്യലിനെ എഎസ് മൊണാക്കോയില്‍നിന്ന് ടീമിലെടുക്കുമ്പോളുള്ള കരാര്‍നിബന്ധനയാണ് ആ ഗോളിന്റെ വില ഇത്രയധികം കൂട്ടിയത്. 38.5 ദശലക്ഷം പൗണ്ടിനാണ് 2015ല്‍ താരം ഇംഗ്ലീഷ് ക്ലബ്ബിലെത്തിയത്. എന്നാല്‍, ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോക്ക് പണം ലഭിക്കാനുള്ള ചില നിബന്ധനകള്‍കൂടി യുണൈറ്റഡുമായുള്ള കരാറിലുണ്ടായിരുന്നു. അതിലൊന്നാണ് 2018-19 സീസണിനുള്ളില്‍ താരം പ്രീമിയര്‍ ലീഗില്‍ 25 ഗോള്‍ തികച്ചാല്‍ 75 കോടിയോളം രൂപ നല്‍കാമെന്നുള്ളത്. ന്യൂകാസിലിനെതിരായ ലീഗില്‍ മാര്‍ഷ്യലിന്റെ 25ാം ഗോളായിരുന്നു. കഴിഞ്ഞ പത്തുമാസമായി ഫ്രഞ്ച് ക്ലബ്ബ് മാര്‍ഷ്യലിന്റെ ഗോളിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ബേണ്‍ലിക്കെതിരേയാണ് താരം 24ാം ഗോള്‍ നേടിയത്. ഇത് 25ാമത്തെ ഗോളാണ്.

ഇതിനുപുറമേ 2018-19 സീസണ്‍ അവസാനിക്കുമ്പോഴേക്കും ഫ്രഞ്ച് ജേഴ്‌സിയില്‍ 25 മത്സരം കളിച്ചാലും ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയാലും ഇതുപോലെ 75 ലക്ഷം യുണൈറ്റഡ് ഫ്രഞ്ച് ക്ലബ്ബിനു നല്‍കേണ്ടിവരും.

Exit mobile version