“വസൂരിക്കാലത്ത് മരിച്ചാല്‍ കുഴിച്ചിടാന്‍ പോലും ആരെയും കിട്ടിയിരുന്നില്ല,കൊവിഡ് വ്യാപനം ഇങ്ങനെ പോയാല്‍ അതിലും ഭീകരമായിരിക്കും അവസ്ഥ;എന്നിട്ടും പ്രബുദ്ധ മലയാളികള്‍ക്ക് യാതൊരു കുലുക്കവുമില്ല”, വിമര്‍ശനം

കൊച്ചി: കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിന് ഇടയിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവരെ വിമര്‍ശിച്ച് എഴുത്തുകാരന്‍ നജീബ് മൂടാടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. പ്രതിദിനം അഞ്ഞൂറിനടുത്ത് കൊറോണ പോസിറ്റിവ് രോഗികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, അതില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതാണ് എന്നറിഞ്ഞിട്ടും പ്രബുദ്ധ മലയാളികള്‍ യാതൊരു കുലുക്കവുമില്ല. നമുക്കിതൊന്നും ബാധിക്കില്ലാ എന്ന് ഉറച്ചു വിശ്വസിക്കുന്ന കഥയില്ലാത്ത പോസിറ്റിവ് ചിന്ത നമുക്ക് മാത്രമേ ഉണ്ടാവൂ എന്നും നജീബ് പറഞ്ഞു.

‘ഞാനീ പറഞ്ഞ സ്ഥലങ്ങളിലൂടെയൊക്കെ എത്ര കറങ്ങിയതാ എനിക്കിതുവരെ ഒരു ജലദോഷം പോലും വന്നിട്ടില്ല’ എന്ന അമിത ആത്മവിശ്വാസക്കാരോടാണ്, നിങ്ങള്‍ ഒരാളുടെ അനാസ്ഥ കൊണ്ട് വീട്ടിലെ ദുര്‍ബലരായവരെയും പ്രായം ചെന്നവരെയും കുട്ടികകളെയും കൊലയ്ക്ക് കൊടുക്കരുതെന്നും നജീബ് മൂടാടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

‘തന്തയെ കൊല്ലി’ ‘മക്കളെ കൊലക്ക് കൊടുത്തവന്‍’ തുടങ്ങിയ വിശേഷണങ്ങള്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?. പരോക്ഷമായെങ്കിലും സ്വന്തം മാതാപിതാക്കളുടെയോ മക്കളുടെയോ ജീവിതപങ്കാളിയുടെയോ ഉറ്റവരുടെയോ മരണത്തിന് കാരണക്കാരനാകേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ മരണം വരെ എന്തായിരിക്കും?

‘അങ്ങനെ പേടിച്ചാല്‍ ജീവിക്കാന്‍ പറ്റ്വോ’ ‘വരുന്നേടത്തു വെച്ചു കാണാം’ എന്നൊക്കെ കൊറോണയെ നിസ്സാരമാക്കി ഇപ്പോഴും അത്യാവശ്യത്തിനല്ലാതെ പുറത്തുപോകുന്ന,കാണുന്നവരെ ബോധ്യപ്പെടുത്താന്‍ മാസ്‌കെന്ന പേരില്‍ പേരിനൊരു തുണി മൂക്കിന് മുകളില്‍ കെട്ടി,സാമൂഹ്യ അകലം പാലിക്കാതെ, സോപ്പിട്ട് കൈകള്‍ കഴുകാതെ,സാനിറ്റൈസര്‍ ഉപയോഗിക്കാതെ കറങ്ങി നടക്കുന്ന ഓരോരുത്തരും ഭാവിയില്‍ ഈ ഒരു പഴി പേറേണ്ടി വരും എന്നത് കൂടി ഓര്‍ത്തുകൊള്ളുക.

പ്രതിദിനം അഞ്ഞൂറിനടുത്ത് കൊറോണ പോസിറ്റിവ് രോഗികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന,അതില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതാണ് എന്നറിഞ്ഞിട്ടും യാതൊരു കുലുക്കവുമില്ലാത്ത പ്രബുദ്ധ മലയാളിയോടാണ്.നാട്ടിലും വിദേശത്തുമായി നമുക്ക് പരിചയമുള്ള എത്രയോ പേര്‍ മരിച്ചു വീണിട്ടും. ലോകം മുഴുവന്‍ ഈ ഒരൊറ്റ രോഗത്തിന്റെ ഭീതിയില്‍ സകല കാര്യങ്ങളും താളം തെറ്റി പണ്ടാരമടങ്ങിയിട്ടും, ചൈനയിലെ വൂഹാനില്‍ നിന്നും ഇങ്ങ് നമ്മുടെ പഞ്ചായത്തിലും അടുത്ത വീട്ടിലുമൊക്കെ ഈ രോഗം കടന്നുവന്നിട്ടും നമുക്കിതൊന്നും ബാധിക്കില്ലാ എന്ന് ഉറച്ചു വിശ്വസിക്കുന്ന കഥയില്ലാത്ത പോസിറ്റിവ് ചിന്ത നമുക്ക് മാത്രമേ ഉണ്ടാവൂ.

‘ഞാനീ പറഞ്ഞ സ്ഥലങ്ങളിലൂടെയൊക്കെ എത്ര കറങ്ങിയതാ എനിക്കിതുവരെ ഒരു ജലദോഷം പോലും വന്നിട്ടില്ല’എന്ന അമിത ആത്മവിശ്വാസക്കാരോടാണ്,രോഗികളില്‍ നിന്ന് മാത്രം പകര്‍ന്നവരല്ല കോവിഡ് രോഗികളൊക്കെയും.രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയോ രോഗിയാവുകയോ ഇല്ല ചിലരെങ്കിലും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.എന്നാല്‍ നിങ്ങളിലൂടെ വീട്ടിലെ ദുര്‍ബലരായവര്‍ക്കും പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിക്കാം!.

നിങ്ങള്‍ ഒരാളുടെ അനാസ്ഥ കൊണ്ട് മാത്രം ആ പാവം മനുഷ്യരെയാണ് കൊലക്ക് കൊടുക്കുന്നത്.വൃദ്ധരായാലും കുഞ്ഞുങ്ങളായാലും ഇപ്പോഴത്തെ അവസ്ഥയില്‍ രോഗിക്ക് ആശുപത്രിയില്‍ ഏകാന്ത വാസമാണ്.വീട്ടുകാരൊക്കെ ക്വാറന്റൈനിലും.രക്ഷപ്പെടുമെന്ന് ഒരു ഉറപ്പുമില്ല.അഥവാ എന്തെങ്കിലും സംഭവിച്ചു പോയാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത ആ പാവങ്ങളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും മരണം വരെ മോചനം ഉണ്ടാവുമോ?.

രോഗവ്യാപനം ഇങ്ങനെ പിടിവിട്ട പോക്കുപോയാല്‍ നിലവിലുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളും രോഗികള്‍ക്കുള്ള പ്രത്യേക പരിചരണവും സൗജന്യ ചികത്സയുമൊക്കെ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?അതിനുമാത്രം ആരോഗ്യപ്രവര്‍ത്തകരും സൗകര്യങ്ങളും ഈ നാട്ടിലുണ്ടോ?അല്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരുമൊക്കെ നമ്മെ പോലുള്ള മനുഷ്യന്മാര്‍ തന്നെയല്ലേ?അവര്‍ക്കും ഉറ്റവരും ഉടയവരുമില്ലേ? നമ്മെക്കാളും സാമൂഹ്യ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അമേരിക്കയിലും ഗള്‍ഫ് നാടുകളിലും ഒക്കെയുള്ള അവസ്ഥയെന്താണ്?തെരുവില്‍ മരിച്ചു വീഴുന്ന മനുഷ്യരെ കുറിച്ചും കൂട്ടക്കുഴിമാടങ്ങളെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ നമ്മുടെ രാജ്യത്തു നിന്ന് തന്നെ കേള്‍ക്കുന്നില്ലേ?

പണ്ട് വസൂരിയും കോളറയുമൊക്കെ നടമാടിയ കാലത്ത് രോഗം വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാത്ത, മരിച്ചാല്‍ കുഴിച്ചിടാന്‍ പോലും ആരെയും കിട്ടാത്ത കഥകള്‍ പഴമക്കാര്‍ പറയാറുണ്ട്.ഇങ്ങനെ പോയാല്‍ അതിലും ഭീകരമായിരിക്കും നമ്മുടെ അവസ്ഥ.രോഗമില്ലാത്തവനാണെങ്കിലും അടുത്ത വീട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് വന്നാല്‍ അങ്ങോട്ട് നോക്കാന്‍ പോലും മടിക്കുന്നവരുടെ കാലമാണ്.നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ രോഗം പടര്‍ന്നു പിടിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ പോലും ആരും ഉണ്ടാകില്ല. ഓരോ വീട്ടിലും മൃതദേഹങ്ങള്‍ സ്വന്തം വളപ്പില്‍ വീട്ടുകാര്‍ തന്നെ അടക്കം ചെയ്യേണ്ട ഗതികേടുണ്ടാകും.എത്ര വേദനാജനകവും ഭീകരവുമായിരിക്കും ആ അവസ്ഥ.ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകാന്‍ പോലും ആരുമില്ലാതെ ജീര്‍ണ്ണിച്ചു പോകുന്ന ഘട്ടത്തില്‍ ഉറ്റവര്‍ത്തന്നെ കുഴിവെട്ടി കുഴിച്ചു മൂടേണ്ടി വരുന്ന, ചിതയൊരുക്കേണ്ടി വരുന്ന അവസ്ഥ!

പേടിപ്പിക്കുകയല്ല.ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താത്ത ഈ രോഗം’എടുക്കുമ്പോളൊന്ന് തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോള്‍ ആയിരം’എന്ന മട്ടില്‍ വ്യാപിക്കുമ്പോഴും ഭയവും വേണ്ട ജാഗ്രതയും വേണ്ട എന്ന മട്ടില്‍ ഇടപെട്ടാല്‍ തീര്‍ച്ചയായും നാം ഊഹിക്കുന്നതിലും വലിയ വില കൊടുക്കേണ്ടി വരും.

അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുന്നതും കൂട്ടം കൂടുന്നതും നിര്‍ബന്ധമായും ഒഴിവാക്കുക തന്നെ വേണം. അന്നന്നത്തെ അന്നം കഴിഞ്ഞു പോകാന്‍ ജോലിക്ക് പോകുന്നവര്‍ക്ക് വീട്ടിലിരിപ്പ് പ്രയോഗികമല്ലെന്നറിയാം. പട്ടിണി കിടന്നു മരിക്കുന്നതിലും വലുതല്ലല്ലോ രോഗഭീതി.

പുറത്തു പോകുന്നവര്‍ രോഗം പകരാത്ത വിധം മാസ്‌ക് ധരിക്കാനും, പരമാവധി സാമൂഹിക അകലം പാലിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്താനും കൈകള്‍ സോപ്പിട്ട് കഴുകുന്നതില്‍ ശ്രദ്ധ പുലര്‍ത്താനും സാനിറ്റൈസര്‍ ഉപയോഗിക്കാനും മറക്കാതിരുന്നാല്‍ നമുക്ക് മാത്രമല്ല നമ്മിലൂടെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും രോഗം വരാതെ തടയാം.

ഉറ്റവരെ കൊലക്ക് കൊടുത്തവനെന്ന്,ചിലപ്പോള്‍ ഒരു നാട്ടില്‍ തന്നെ രോഗം പകര്‍ത്താനും അതിലൂടെ മരണം വിതയ്ക്കാനും കാരണക്കാരനായവനെന്ന് കാലാകാലം നീറി ജീവിക്കേണ്ടി വരാതിരിക്കാന്‍ ജാഗ്രതയോടൊപ്പം ഭയവും ഉണ്ടാവട്ടെ.നാം ഊഹിക്കുന്നതിലും ഭീകരമായിരിക്കും കാര്യങ്ങള്‍ കൈവിട്ടു പോയാല്‍.
(?? നജീബ് മൂടാടി)

Exit mobile version