കണ്ട് പഠിക്കണം ഈ കൊച്ചുമിടുക്കിയെ; കൂട്ടുകാര്‍ക്ക് ഭക്ഷണം നല്‍കാന്‍ അഞ്ചുവയസുകാരി ചെയ്തത് ‘

നാം ആരെയെങ്കിലും മനസ്സറിഞ്ഞ് സഹായിച്ചാല്‍ നമുക്ക് ഒരു ആവശ്യം വരുമ്പോള്‍ ആരെങ്കിലും നമ്മളെയും സഹായിക്കും. മറിച്ച് ഒരു ദോഷം ചെയ്താലും അങ്ങനെതന്നെയാണ്. ഹിന്ദുവിസത്തിലും ബുദ്ദിസത്തിലുമെല്ലാം പറയുന്ന ‘കര്‍മ്മ’ ഇതാണ്. നാം എന്ത് കൊടുക്കുന്നോ അത് നമുക്ക് തിരിച്ചു കിട്ടും; നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. ഇതിന് ഉത്തമ ഉദാഹരണമാണ് കാറ്റിലിന്‍ ഹാര്‍ഡി എന്ന 5 വയസ്സുകാരി. കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാന്‍ അതുവരെയുള്ള കടം കൊടുത്ത് തീര്‍ക്കാന്‍ ശ്രമിച്ചത് മുതല്‍ തുടങ്ങുന്നു കാറ്റിലിന്‍ ഹാര്‍ഡിയുടെ കനിവിന്റെ കഥ.

കാലിഫോര്‍ണിയ വിസ്റ്റയിലെ ബ്രീസ് ബില്‍ എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാറ്റിലിന്‍. തന്റെ സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിന് പാടുപെടുന്നതായി കാറ്റിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെന്നും അവള്‍ മനസിലാക്കി. ഇതില്‍ ഒരു കൈതാങ്ങാവുകയായിരുന്നു കാറ്റിലിന്‍.

ഇതിന്റെ ഭാഗമായി മകള്‍ തന്നോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചെന്ന് അമ്മ കരീനാ ഹാര്‍ഡി പറഞ്ഞു. ഒരു അഞ്ച് വയസ്സുകാരിക്ക് മനസ്സിലാകാവുന്ന തരത്തില്‍ അമ്മ മറുപടി നല്‍കി.

ചിലര്‍ക്ക് നമ്മളെ പോലെ ഭാഗ്യമില്ലെന്ന അമ്മയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കാറ്റിലിന്‍ ഹാര്‍ഡി ഹോട്ട് കൊക്കോയും, കുക്കീസും വില്‍ക്കാന്‍ വീടിന് മുന്നില്‍ ഒരു ചെറിയ സ്റ്റാള്‍ സ്ഥാപിച്ചു. ആ അധ്വാനം ഫലം കാണുകയും ചെയ്തു. സ്‌കൂളിലെ 123 വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ കടമാണ് ആ മിടുക്കി അടച്ചുതീര്‍ത്തത്.

തന്റെ മകളുടെ ചെറിയ ഉദ്യമത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ കരീന ഫേസ്ബുക്കില്‍ വിവരം പങ്കുവെച്ചു. പ്രദേശത്തെ ആളുകള്‍ സജീവമായി പങ്കെടുത്തതോടെ പരിപാടി വിജയമായി. സ്‌കൂളും കാറ്റിലിന്റെ ശ്രമത്തെ പുകഴ്ത്തി. ഇപ്പോള്‍ വിസ്റ്റാ യൂണിഫൈഡ് സ്‌കൂള്‍ ജില്ലയിലെ ആയിരക്കണക്കിന് കുട്ടികളുടെ 6373 ഡോളര്‍, ഏകദേശം നാലര ലക്ഷം രൂപയുടെ കടം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഈ 5 വയസ്സുകാരി!

Exit mobile version