ചൊവ്വയിലേക്കുള്ള റോവറിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞയുടെ പേര്

ശാസ്ത്രപുസ്തകങ്ങളില്‍ നിന്നടക്കം ഒഴിവാക്കപ്പെട്ട റോസലിന്‍ഡിന്റെ നേട്ടങ്ങള്‍ 1990നു ശേഷമാണ് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്

ലണ്ടന്‍: ജീവന്റെ സാധ്യത അന്വേഷിക്കാന്‍ ചൊവ്വയിലേക്ക് അയയ്ക്കുന്ന റോവറിന് പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞ റോസലിന്‍ഡ് ഫ്രാങ്ക്‌ളിന്റെ പേരു നല്കി. 1958-ല്‍ അന്തരിച്ച ഇവര്‍ മനുഷ്യ ഡിഎന്‍എയുടെ ഘടന നിര്‍വചിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ഡിഎന്‍എ രഹസ്യങ്ങളുടെ ചുരുളഴിച്ചതിന്റെ പേരില്‍ ജയിംസ് വാട്‌സണ്‍, ഫ്രാന്‍സിസ് ക്രിക്, മൗറിസ് വില്‍കിന്‍സ് എന്നിവര്‍ക്ക് 1962ല്‍ നൊബേല്‍ ലഭിച്ചപ്പോള്‍ റോസലിന്‍ഡിന്റെ പേര് തഴയപ്പെട്ടു. ശാസ്ത്രപുസ്തകങ്ങളില്‍ നിന്നടക്കം ഒഴിവാക്കപ്പെട്ട റോസലിന്‍ഡിന്റെ നേട്ടങ്ങള്‍ 1990നു ശേഷമാണ് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്.

ബ്രിട്ടനു വേണ്ടി ഫ്രഞ്ച് കമ്പനിയായ എയര്‍ബസ് നിര്‍മിച്ച എക്‌സോമാഴ്‌സ് റോവറിന് റോസലിന്‍ഡിന്റെ പേര് നല്കിയത് പൊതുജനങ്ങള്‍ പങ്കെടുത്ത മത്സരത്തിലൂടെയാണ്. ബ്രിട്ടീഷ് ശാസ്ത്രമന്ത്രി ക്രിസ് സ്‌കിഡ്‌മോര്‍ ആണ് ഇന്നലെ പേര് പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ സ്‌പേസ് ഏജന്‍സിയുടെയും റഷ്യയിലെ റോസ്‌കോമോസ് സ്‌പേസ് ഏജന്‍സിയുടെയും സംയുക്ത പദ്ധതിയാണിത്. 2020ല്‍ യാത്ര തിരിക്കുന്ന റോവര്‍ 2021ല്‍ ചൊവ്വയില്‍ ഇറങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കുഴി കുഴിച്ചും മണ്ണു പരിശോധിച്ചും ജീവന്റെ സാധ്യത അന്വേഷിക്കലാണ് ദൗത്യം.

Exit mobile version