കോവിഡിന് ശേഷം തലച്ചോറിന്റെ വലിപ്പം കുറയുന്നതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം

കോവിഡ് ബാധിച്ചവരില്‍ തലച്ചോറിന്റെ വലിപ്പവും കാര്യപ്രാപ്തിയും കുറയുന്നതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം. കോവിഡ് രോഗികളില്‍ രോഗം ഭേദമായതിന് മാസങ്ങള്‍ക്ക് ശേഷം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

സാധാരണയായി പത്ത് വര്‍ഷത്തിനിടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൊണ്ടുണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണം തിരിച്ചറിയാനുള്ള ഭാഗങ്ങളിലും തലച്ചോറിന്റെ മൊത്തത്തിലുള്ള വലിപ്പത്തിലും വ്യത്യാസങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ബുദ്ധിശേഷിയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.

കോവിഡ് നാഡീവ്യൂഹത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്നതിന്റെ തെളിവായാണ് കണ്ടെത്തലുകളെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ന്യൂറോ സയന്റിസ്റ്റായ ഗ്വെനെല്ലെ ഡൗഡും സഹപ്രവർത്തകരും കോവിഡിനു മുൻപ് ശേഖരിച്ച 785 പേരുടെ തലച്ചോറുകൾ എംആർഐ സ്‌കാനിങ് ഉപയോഗിച്ച് പരിശോധിച്ചു. 38 മാസങ്ങൾക്കു ശേഷം ഇതിൽ 401 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടർന്ന് ആദ്യ സർവേയിൽ പങ്കെടുത്ത മുഴുവൻ പേരെയും വീണ്ടും എംആർഐ സ്‌കാനിങിനു വിധേയമാക്കി.

51 വയസ് മുതൽ 81 വയസ് വരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരിൽ ഡയബറ്റിസ്, രക്തസമ്മർദ്ദം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പഠനത്തിലാണ് മാറ്റങ്ങൾ കണ്ടെത്തിയത്. കോവിഡ് ബാധയെത്തുടർന്ന് തലച്ചോറിന് രണ്ട് ശതമാനം വലുപ്പം കുറഞ്ഞതായാണ് കണ്ടെത്തൽ. തലച്ചോറിലെ ഗ്രേ മാറ്ററിൽ സാധാരണ വാർധക്യത്തിന്റെ ഭാഗമായി 0.2 ശതമാനം മാത്രമാണ് മാറ്റമുണ്ടാകുക.

രണ്ടാമത്തെ സ്‌കാനിന് ശരാശരി 4.5 മാസം മുമ്പ് രോഗം ബാധിച്ചവരിൽ, ഓർബിറ്റോഫ്രോണ്ടൽ കോർട്ടെക്‌സ്, പാരാഹിപ്പോകാമ്പൽ ഗൈറസ് എന്നറിയപ്പെടുന്ന ഗന്ധവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളിൽ ചാരനിറത്തിലുള്ള ദ്രവ്യത്തിന്റെ കനം ഗണ്യമായി കുറയുന്നതായി ഗവേഷകർ കണ്ടെത്തി. SARS-CoV-2 അണുബാധയുള്ളവർക്ക് പോലും തലച്ചോറിൽ ചില മാറ്റങ്ങൾ ഉണ്ടാവാമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ തലച്ചോറിന്റെ വലുപ്പത്തിലുണ്ടായത് ചെറിയ മാറ്റങ്ങൾ മാത്രമാണെന്നും ഇത് നഗ്‌നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്‌. നേച്ചര്‍ ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Exit mobile version