സൗദി അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഒരു മരണം, ഏഴു പേര്‍ക്ക് പരിക്ക്

ആക്രമണത്തിനു പിന്നില്‍ ഹൂതി വിമതരാണെന്നാണ് നിഗമനം.

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഏഴു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

ആക്രമണത്തിനു പിന്നില്‍ ഹൂതി വിമതരാണെന്നാണ് നിഗമനം. ഒരു മാസം മുമ്പ് ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. അന്നും ലക്ഷ്യമിട്ടത് അബഹ വിമാനത്താവളം തന്നെയായിരുന്നു.

അഞ്ചു ആളില്ലാ വിമാനങ്ങളായ ഡ്രോണുകളാണ് വിമാനത്താവളം ലക്ഷ്യമാക്കി എത്തിയത്. എന്നാല്‍ ഇവയെ തകര്‍ത്ത് പ്രതിരോധം തീര്‍ത്ത് സൗദി സേന കൂടുതല്‍ അനിഷ്ട സംഭവങ്ങളില്ലാതെ നോക്കിയിരുന്നു. ഡ്രോണുകളെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.

Exit mobile version