മോഡിയുടെ രണ്ടാമൂഴം; നരേന്ദ്ര മോഡിക്ക് ആശംസകളുമായി അഡ്നോക് ഗ്രൂപ്പ്‌

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോഡിക്ക് ആശംസകളുമായി അഡ്നോക് ഗ്രൂപ്പ്. അഡ്നോക് ടവറില്‍ മോഡിയുടെയും അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സൗഹൃദം കൂടി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ തെളിയിച്ചു.

അഡ്നോക് ടവറില്‍ മോദിയുടെയും യുഎഇ കിരീടാവകാശിയുടെയും മുഖങ്ങളും ഇരുരാജ്യങ്ങളുടെയും പതാകകളും തെളിയുന്നതിന്റെ വീഡിയോ യുഎ ഇയിലെ ഇന്ത്യന്‍ പ്രതിനിധി നവദീപ് സിങ് സൂരി ട്വിറ്ററില്‍ പങ്കുവെച്ചു. ഇത് യഥാര്‍ഥ സൗഹൃദമാണെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് കരുതുന്നതെന്നും യുഎയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ട്വിറ്ററില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് മോഡി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുടെയും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.

രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ കൃത്യം ഏഴ് മണിക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ.

Exit mobile version