സൗദിയില്‍ തൊഴിലുടമ വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു; ചിത്രങ്ങള്‍ വൈറല്‍

സൗദിയിലെ ഒരു സമ്പന കുടുംബത്തില്‍ ജോലി ചെയ്യുകയായിരുന്നു ലൗലി അകോസ്റ്റ. വിലകൂടിയെ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയിരുന്നു

റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു. ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) ഈ ക്രൂരതയ്ക്ക് ഇരയായത്. സൗദിയിലെ ഒരു സമ്പന കുടുംബത്തില്‍ ജോലി ചെയ്യുകയായിരുന്നു ലൗലി അകോസ്റ്റ. വിലകൂടിയെ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയിരുന്നു.

ഇതില്‍ കുപിതനായ വീട്ടുടമ തന്നെ വെയ്‌ലത്ത് മരത്തില്‍കെട്ടിയിട്ടെന്ന് ലൗലി പറഞ്ഞു. വെയിലത്ത് നില്‍ക്കുമ്പോഴുള്ള അവസ്ഥ ബോധ്യപ്പെടുത്താനെന്ന പേരിലായിരുന്നു ഈ ശിക്ഷ നല്‍കിയതെന്ന് ലൗലി പറഞ്ഞു. അതേസമയം മരത്തോട് ചേര്‍ത്ത് കൈകളും കാലുകളും കെട്ടിയിട്ട ദൃശ്യങ്ങള്‍ വീട്ടിലെ മറ്റു ജോലിക്കാര്‍ പകര്‍ത്തിയിരുന്നു.

തുടര്‍ന്ന് തൊഴിലുടമയുടെ കൊടും ക്രൂരത സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രാലയം ഇടപ്പെട്ടു. തുടര്‍ന്ന് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ മോചിപ്പിച്ച് നാട്ടിലേക്ക് എത്തിച്ചു. ചെറിയ തെറ്റുകള്‍ക്ക് പോലും തൊഴിലുടമ ഇത്ര ക്രൂരമായി ശിക്ഷിച്ചിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞു.

അതേസമയം വീട്ടില്‍ തിരിച്ചെത്തിയ ലൗലി തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അറിയിച്ചു. തന്റെ ഫോട്ടോകള്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്തവരാണ് തന്നെ സഹായിച്ചത്. എന്നാല്‍ അവരുടെ സുരക്ഷയോര്‍ത്ത് തനിക്ക് ആശങ്കയുണ്ട്.

തന്റെ അതേ അവസ്ഥയിലുള്ള അവരെയും രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ലൗലി പറഞ്ഞു. സൗദിയില്‍ 23 ലക്ഷത്തിലധികം ഫിലിപ്പൈനികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികവും സ്ത്രീകളാണ്.

Exit mobile version