വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

മോര്‍ഫ് ചെയ്ത് പ്രതിയുടെ ചിത്രം കൂടി അതിനൊപ്പം ചേര്‍ക്കുകയായിരുന്നു

അജ്മന്‍: പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരനായ ഇയാളെ യുവതിയുടെ പരാതിയില്‍ അജ്മന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അറിയാതെ ഉള്‍പ്പെട്ടുപോയ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് പരാതിക്കാരിയായ അറബി പെണ്‍കുട്ടിയുടെ ചിത്രം ഇയാള്‍ക്ക് ലഭിക്കുന്നത്.

തുടര്‍ന്ന് മോര്‍ഫ് ചെയ്ത് പ്രതിയുടെ ചിത്രം കൂടി അതിനൊപ്പം ചേര്‍ക്കുകയായിരുന്നു. ശേഷം യുവതിയെ സമീപിച്ച് പണം ആവശ്യപ്പെട്ടു. പൈസ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. അജ്മനിലെ ഒരു പാര്‍ക്കിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ഒരു കൂട്ടുകാരിയാണ് തന്നെ അറബ് പെണ്‍കുട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതെന്ന് പരാതിക്കാരി പറയുന്നു.

ഈ ഗ്രൂപ്പിലൂടെ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇവരുടെ ഒരു സുഹൃത്ത് മുമ്പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറാണ് പ്രതി ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആ കൂട്ടുകാരി നമ്പര്‍ മാറ്റിയത് ഇവര്‍ ശ്രദ്ധിച്ചില്ലായിരുന്നു. അങ്ങനെയാണ് പ്രതി ഈ ഗ്രൂപ്പില്‍ എത്തിയത്. ചിത്രങ്ങള്‍ ലഭിച്ചതോടെ അത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു.

Exit mobile version