അമിത അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അജ്മല്‍ പെര്‍ഫ്യൂം മാനുഫാക്ചറിങ് കമ്പനിയുടെ 'അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹേര്‍' എന്ന ടാല്‍കം പൗഡറിനെതിരെയാണ് ആരോഗ്യ മന്ത്രാലയം നടപടി എടുത്തിരിക്കുന്നത്

അബുദാബി: അമിതമായ അളവില്‍ ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയിയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

യുഎഇയിയിലെ അജ്മല്‍ പെര്‍ഫ്യൂം മാനുഫാക്ചറിങ് കമ്പനിയുടെ ‘അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹേര്‍’ എന്ന ടാല്‍കം പൗഡറിനെതിരെയാണ് ആരോഗ്യ മന്ത്രാലയം നടപടി എടുത്തിരിക്കുന്നത്. കമ്പനി ഈ ഉല്‍പ്പന്നം ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സൗദി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം പരിശോധന നടത്തിയത്.

വിപണിയില്‍ നിന്ന് ആരോഗ്യ മന്ത്രാലയം ശേഖരിച്ച ടാല്‍കം പൗഡറിന്റെ സാമ്പിളുകളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ ബാക്ടീരിയകള്‍ ഉപയോഗിക്കുന്ന ആളുടെ ശരീരത്തെ ഹാനികരമായി ബാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. എ7867012 08/2021, എ 7867068 09/2023 എന്നീ ബാച്ചുകളാണ് ഉപയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ടാല്‍കം പൗഡര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ദേശം നല്‍കി.

Exit mobile version