ലോക സന്തോഷദിനം; ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് വരുത്തി യുഎഇ

ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് കൊണ്ടാണ് ഉമ്മുല്‍ഖുവൈന്‍ പൊലീസ് സന്തോഷ ദിനത്തെ വരവേറ്റത്

ഉമ്മുല്‍ ഖുവൈന്‍: ഇന്ന് ലോക സന്തോഷ ദിനം. ദിനത്തില്‍ മാത്രമല്ല പ്രവൃത്തിയിലും തെളിയിച്ചിരിക്കുകയാണ് ഉമ്മുല്‍ഖുവൈന്‍ പോലീസ്. ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് കൊണ്ടാണ് ഉമ്മുല്‍ഖുവൈന്‍ പൊലീസ് സന്തോഷ ദിനത്തെ വരവേറ്റത്.

ഇത് സംബന്ധിച്ച ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 മുതല്‍ മേയ് നാല് വരെയാണ് ഇളവ് ലഭിക്കുന്നത്. എവിടെ രജിസ്റ്റര്‍ ചെയ്ത വാഹനമായാലും ഉമ്മുല്‍ഖുവൈന്‍ റോഡുകളില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്ക് ആനുകൂല്യം ബാധകമാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ ഏപ്രില്‍ 19ന് മുന്‍പ് ലഭിച്ച ഫൈനുകള്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്ന് ഉമ്മുല്‍ഖുവൈന്‍ പോലീസ് ട്രാഫിക് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ അറിയിച്ചു.

പോലീസിന്റെ വെബ്‌സൈറ്റുകള്‍ വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, സ്മാര്‍ട്ട ആപുകള്‍ എന്നിവ വഴിയോ ഫൈനുകള്‍ അടയ്ക്കാം. എന്നാല്‍ വാഹനം പിടിച്ചെടുക്കാന്‍ തക്കവിധത്തിലുള്ള ഗൗരവമായ നിയമലംഘനങ്ങള്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version