വീട്ടുജോലി വിസയില്‍ ഖത്തറില്‍ എത്തി; പുറത്തിറങ്ങാമെന്ന വ്യാജേന സ്‌പോണ്‍സര്‍ കൂട്ടികൊണ്ടുപോയത് മരുഭൂമിയിലേയ്ക്ക്, ചുട്ടുപൊള്ളുന്ന മണ്ണില്‍ ദുരിത ജീവിതം നയിച്ചത് മൂന്ന് വര്‍ഷക്കാലം; ഒടുവില്‍ അമര്‍നാഥ് സ്വന്തം നാട്ടിലേയ്ക്ക്

ദുഷ്‌കരമായ ജീവിതത്തിനിടെ പലപ്പോഴായി ലഭിച്ച 2500 റിയാല്‍ മാത്രമാണ് ആകെ കിട്ടിയ പ്രതിഫലം.

ദമ്മാം: വീട്ടുജോലി വിസയില്‍ എത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് ലഭിച്ചത് ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ജോലി. വീട്ടു ജോലിക്കെന്ന് പറഞ്ഞുകൊണ്ടാണ് അമര്‍നാഥിനെ ഖത്തറിലെത്തിച്ചത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇയാളെ പുറത്ത് പോയി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സ്പോണ്‍സര്‍ സൗദിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

സൗദിയിലെ നാരിയയില്‍ നിന്നും 100 കിലോമീറ്ററോളം ഉള്ളില്‍ മരുഭൂമിയില്‍ 100ഓളം ഒട്ടകങ്ങളുള്ള ഫാമിലാണ് യുവാവിനെ എത്തിച്ചത്. തനിക്ക് പരിചയമില്ലാത്ത ജോലിയാണന്നും ദയവു ചെയ്ത് വിട്ടയക്കണമെന്നും കേണപേക്ഷിച്ചിട്ടും ആരും ചെവികൊണ്ടില്ലെന്ന് അമര്‍നാഥ് പറയുന്നു. എല്ലാ ദുരിതവും സഹിച്ച് രണ്ടര വര്‍ഷക്കാലം അവിടെ പിടിച്ചു നിന്നു.

ദുഷ്‌കരമായ ജീവിതത്തിനിടെ പലപ്പോഴായി ലഭിച്ച 2500 റിയാല്‍ മാത്രമാണ് ആകെ കിട്ടിയ പ്രതിഫലം. ഒടുവില്‍ ദുരിതം പിന്നെയും ഏറിയപ്പോള്‍ ഒരു ദിവസം രാത്രി കൈയില്‍ കരുതിയ കന്നാസില്‍ നിറയെ വെള്ളവുമായി അവിടെ നിന്ന് അമര്‍നാഥ് ഒളിച്ചോടി. പക്ഷേ ലക്ഷ്യം കണ്ട സ്ഥാനത്ത് എത്താനായില്ല. വഴിയില്‍ ഓര്‍മ്മ നഷ്ടപ്പെട്ട് തളര്‍ന്നു വീണ അമര്‍നാഥിനെ അതുവഴി വന്ന സൗദി പൗരന്‍ തന്റെ വാഹനത്തില്‍ കയറ്റി ‘മസറ’യില്‍ എത്തിച്ചു പരിചരിച്ചു. താന്‍ ഇതുവരെ അറിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ജീവിതമാണ് അവിടെ അനുഭവിച്ചതെന്ന് അമര്‍നാഥ് പറഞ്ഞു.

മകനെപ്പോലെ തന്നെ പരിചരിക്കുകയും ആരോഗ്യം വീണ്ടെടുത്തപ്പേള്‍ ഇഷ്ടമെങ്കില്‍ തന്റെ ഫാമില്‍ ജോലിയില്‍ തുടരാമെന്നും അല്ലെങ്കില്‍ ഇഷ്ടമുള്ളിടത്ത് എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞതായി അമര്‍നാഥ് വ്യക്തമാക്കി. ഇത്രയും കാലം ജോലി ചെയ്തിട്ടും ശമ്പളം കിട്ടിയില്ലെന്നും ജോലിക്ക് തയാറാണന്നും അറിയിച്ചതോടെ 1200 റിയാല്‍ ശമ്പളത്തില്‍ ജോലി നല്‍കിയതായും അമര്‍നാഥ് പറയുന്നു.

എട്ട് മാസം അവിടെ തുടര്‍ന്ന അമര്‍നാഥിന് ഭക്ഷണവും ശമ്പളവും നല്‍കി സൗദി പൗരന്‍ നീതി കാട്ടി. ഒടുവില്‍ നാട്ടില്‍ പോകാന്‍ അനുമതി ചോദിച്ച അമര്‍നാഥിന് കൈനിറയെ സമ്മാനങ്ങളും നല്‍കിയാണ് സൗദി പൗരന്‍ യാത്രയാക്കിയത്. എംബസിയില്‍ അഭയം തേടിയ അമര്‍നാഥിനെ സഹായിക്കാന്‍ ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിനെ ചുമതലപ്പെടുത്തി. സ്വന്തം മുറിയില്‍ അമര്‍നാഥിന് വാസമൊരുക്കിയ നാസ് ഡീപോര്‍ട്ടേഷന്‍ സന്റെര്‍ അധികാരികളുടെ സഹായത്തോടെ അമര്‍നാഥിനെ നാട്ടിലേയ്ക്ക് അയക്കുകയും ചെയ്തു.

Exit mobile version